Kerala News

പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് കാറിലിടിച്ചു, നിയമ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

Keralanewz.com

തിരുവനന്തപുരം: പോലീസ് ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് കാറില്‍ ഇടിച്ചു കയറി നിയമ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ശ്രീകാര്യം മൈത്രി നഗര്‍ വന്ദനം ഹൗസില്‍ വാടകയ്ക്കു താമസിക്കുന്ന സജീദിന്റെയും റജിയുടെയും മകള്‍ അനൈന ആണ് മരിച്ചത്. 21 വയസായിരുന്നു. ലോ കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. ദേശീയപാതയില്‍ കോരാണി കാരിക്കുഴി വളവിലാണ് അപകടം ഉണ്ടായത്. അനൈന സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

അനൈനയുടെ മാതാപിതാക്കള്‍ക്കും കാര്‍ ഓടിച്ചിരുന്ന സഹോദരന്‍ അംജിത്തിനും പരുക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അംജിത്തിന്റെ പെണ്ണുകാണല്‍ ചടങ്ങിനായി തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്നു കുടുംബം. കാറിന്റെ പിന്നില്‍ വലത് ഭാഗത്തായിരുന്നു അനൈന

ഇവര്‍ കാറില്‍ സഞ്ചരിക്കവെ എതിര്‍ ദിശയില്‍ നിന്നും അമിത വേഗത്തില്‍ വന്ന ചിറയന്‍കീഴ് സ്റ്റേഷനില്‍ പോലീസ് ജീപ്പ് ദേശീയപാതയിലെ കുഴിയില്‍ വീണു നിയന്ത്രണം നഷ്ടപ്പെട്ടു. അനൈനയും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറി. തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയ അനൈന സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

ഇടിയുടെ ആഘാതത്തില്‍ മൂന്നു വട്ടം കരണം മറിഞ്ഞാണു ജീപ്പ് നിന്നത്. ജീപ്പ് ഓടിച്ചിരുന്ന 16ാം മൈല്‍ പൊയ്കയില്‍ അഹമ്മദ് വലിയകുന്ന് ആശുപത്രിയിലും ഒപ്പമുണ്ടായിരുന്ന കോരാണി സ്വദേശി ഷംസീര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. അനൈനയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Facebook Comments Box