കേരളാ ഘടകം ഒറ്റക്കെട്ടായി വാദിച്ചാല്‍ എംഎ ബേബി തന്നെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാവും; ഇഎംഎസിന് ശേഷം മറ്റൊരു മലയാളി സിപിഎമ്മിൻ്റെ അമരത്തേക്ക്?
കണ്ണൂർ: സിപിഎം ഇരുപത്തിനാലാം പാർട്ടി കോണ്‍ഗ്രസ് ഏപ്രില്‍ രണ്ട് മുതല്‍ ആറ് വരെ തമിഴ്നാട്ടിലെ മധുരയില്‍ ചേരാനിരിക്കവെ പാർട്ടി അഖിലേന്ത്യാ സെക്രട്ടറിയാരെന്ന ചോദ്യം സി.പി.എമ്മിനുള്ളില്‍ നിന്നുയരുന്നു.
കേരളാ ഘടകത്തിന് ആധിപത്യമുള്ള പാർട്ടി പൊളിറ്റ്ബ്യൂറോയില്‍ മലയാളിയായ എം.എ ബേബിയുടെ പേരാണ് ശക്തമായി ഉയർന്നു കേള്‍ക്കുന്നത്. ബേബിയെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് കേരളാ ഘടകം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാല്‍ മറ്റൊരു പേരിന് സാധ്യതയില്ല. എന്നാല്‍ സിപിഎം കേരളാഘടകത്തില്‍ മുഴുവൻ നേതാക്കളും എം എ ബേബിയെ അനുകൂലിക്കുന്നില്ല.
പിണറായി വിഭാഗത്തോട് അനുഭാവമുള്ള നേതാവാണെങ്കിലും പൂർണമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർ ബേബിയെ പിൻതുണക്കാൻ സാദ്ധ്യത കുറവാണ്. എന്നാല്‍ പൊളിറ്റ്ബ്യൂറോയുടെ കടിഞ്ഞാണ്‍ തങ്ങളിലേക്ക് തന്നെ എത്തണമെന്നത് ഇന്ത്യയില്‍ അധികാരത്തിലുള്ള ഏക സംസ്ഥാനമായ കേരളത്തിന് താല്‍പര്യമുണ്ട്.
മുൻ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് സിപിഎമ്മിൻ്റെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. നിലവില്‍ പ്രകാശ് കാരാട്ട് പി ബി കോ ഓർഡിനേറ്റർ എന്ന നിലയില്‍ ചുമതലകള്‍ നിർവ്വഹിച്ച് വരികയാണ്. ഇതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയെന്ന ദൗത്യം കൂടി മധുരയില്‍ നടക്കുന്ന 24-ാം പാർട്ടി കോണ്‍ഗ്രസിനുണ്ട്.
പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങിയ മുതിർന്ന നേതാക്കള്‍ക്ക് നിലവിലെ പ്രായപരിധി മാനദണ്ഡപ്രകാരം പോളിറ്റ്ബ്യൂറോയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കും പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പിലാക്കാനാണ് സിപിഎം തീരുമാനമെന്ന് ബൃന്ദാ കാരാട്ട് പരസ്യമായി പറഞ്ഞിരുന്നു. നിലവിലെ സവിശേഷ സാഹചര്യത്തില്‍ പ്രകാശ് കാരാട്ടോ ബൃന്ദാ കാരാട്ടോ നേതൃപദവി ഏറ്റെടുക്കണമെന്ന നിലയിലുള്ള ചർച്ചകള്‍ ഇടക്കാലത്ത് സിപിഎമ്മില്‍ ഉണ്ടായിരുന്നു.
എന്നാല്‍ പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പിലാക്കണമെന്ന നിലപാടുകാരായ ഇരുവരും അത്തരം നീക്കങ്ങളോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതുമുഖ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയെന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയിരിക്കുന്നത്. എംഎ ബേബിക്ക് പുറമേ നിലവിലെ സാഹചര്യത്തില്‍ അഖിലേന്ത്യാ കിസാൻ സഭയുടെ അധ്യക്ഷൻ അശോക് ധാവ്ളെയുടെ പേരിനാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മുൻതൂക്കം. മഹാരാഷ്ട്ര പോലെ സിപിഎമ്മിന് അത്രയേറെ ശക്തിയില്ലാത്ത ഒരു ഘടകത്തില്‍ നിന്നുള്ള നേതാവെന്നത് മാത്രമാണ് അശോക് ധാവ്ളെയ്ക്ക് എതിരായ ഘടകം.
എന്നാല്‍ കർഷക സമരവുമായി ബന്ധപ്പെട്ട് ഹിന്ദി ബെല്‍റ്റില്‍ മികച്ച ഇടപെടലുകള്‍ നടത്തിയതും സംഘാടന മികവും അശോക് ധാവ്ളെയ്ക്ക് അനുകൂലമാണ്. എന്നാല്‍ എം.എ ബേബിയെ ഒഴിവാക്കി കൊണ്ടു ഇത്തരമൊരു തീരുമാനത്തിലെത്തുകയെന്നത് പാർട്ടിക്ക് ദുഷ്കരമാണ്. എം എ ബേബിക്ക് വേണ്ടി കേരള ഘടകം ബേബിയ്ക്ക് വേണ്ടി വാദിച്ചാല്‍ ഇഎംഎസിന് ശേഷം സിപിഎമ്മിന് മറ്റൊരു മലയാളി ജനറല്‍ സെക്രട്ടറിയുണ്ടാവും. നിലവില്‍ സിപിഎമ്മിൻ്റെ അന്താരാഷ്ട്ര വിഭാഗത്തിൻ്റെ പ്രധാന ചുമതലക്കാരൻ കൂടിയാണ് എം എ ബേബി.
പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, മണിക് സർക്കാർ, സുര്യകാന്ത് മിശ്ര, പിണറായി വിജയൻ എന്നീ പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ക്ക് പ്രായപരിധി മാനദണ്ഡം ബാധകമാണ്. ഇതില്‍ രാജ്യത്തെ ഏക സിപിഎം മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് പ്രായപരിധി മാനദണ്ഡത്തില്‍ ഇളവ് ലഭിച്ചേക്കുമെന്ന് സൂചനകളുണ്ട്. എന്നാല്‍ പ്രായപരിധി മാനദണ്ഡം കർശനമായി പാലിക്കണമെന്ന വാദവും ശക്തമാണ്. അങ്ങനെയെങ്കില്‍ പിണറായി വിജയനെ പൊളിറ്റ്ബ്യൂറോയിലെ പ്രത്യേക ക്ഷണിതാവാക്കിയേക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
നേരത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിനെ ഇത്തരത്തില്‍ സിപിഎം പൊളിറ്റ്ബ്യൂറോയില്‍ പ്രത്യേക ക്ഷണിവായി ഉള്‍പ്പെടുത്തിയിരുന്നു. പൊളിറ്റ്ബ്യൂറോയില്‍ ഉണ്ടാകുന്ന അഞ്ചോളം ഒഴിവിലേയ്ക്ക് അഖിലേന്ത്യാ കിസാൻ സഭയുടെ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണൻ, അന്താരാഷ്ട്ര വിഭാഗത്തിൻ്റെ ഡെപ്യൂട്ടി ചുമതല നിർവഹിക്കുന്ന മുൻ എസ്‌എഫ്‌ഐ നേതാവ് അരുണ്‍ കുമാർ എന്നിവരെ പരിഗണിച്ചേക്കും. ബൃന്ദാ കാരാട്ടും സുഭാഷിണി അലിയും ഒഴിയുന്നതോടെ പൊളിറ്റ്ബ്യൂറോയില്‍ ആകെയുള്ള രണ്ട് വനിതാ പ്രാതിനിധ്യവും നികത്തേണ്ടതുണ്ട്.
തമിഴ്നാട്ടില്‍ നിന്നുള്ള നേതാവ് യു വാസുകി പൊളിറ്റ്ബ്യൂറോയില്‍ ഉറപ്പായും എത്താൻ സാധ്യതയുള്ള നേതാവാണ്. കെ ഹേമലത, മറിയം ധാവ്ളെ, കെ കെ ശൈലജ എന്നിവരും വനിതാ പ്രാതിനിധ്യത്തിൻ്റെ ഭാഗമായി പരിഗണിക്കപ്പെട്ടേക്കാം. സുര്യകാന്ത് മിശ്ര ഒഴിവാകുന്ന സാഹചര്യത്തില്‍ ബംഗാളില്‍ നിന്നും സുജൻ ചക്രബർത്തി പോളിറ്റ്ബ്യൂറോയില്‍ ഇടം നേടാനുള്ള സാധ്യതയും ഉണ്ട്.