അഹമ്മദാബാദ് വിമാന ദുരന്തം; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 1.5 കോടി രൂപ ഇൻഷുറൻസ് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു. 360 കോടി രൂപയാണ് ഇൻഷുറൻസ് തുക.
ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ 1.5 കോടി രൂപ നല്‍കും. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു അന്താരാഷ്ട്ര വിമാനത്തില്‍ അപകടമുണ്ടായി മരണമോ പരിക്കോ ഉണ്ടായാല്‍ 1999-ലെ മോണ്‍ട്രിയല്‍ കണ്‍വെൻഷൻ ഉടമ്ബടിയില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. 2009-ല്‍ ഇന്ത്യയും ഈ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതുപ്രകാരമായിരിക്കും തുക നല്‍കുന്നത്. കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയാണ് എയർ ഇന്ത്യ വിമാന സർവിസ് കമ്ബനി ഉടമകളായ ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. പരിക്കേറ്റവരുടെ ചികിത്സ ചെലവും വഹിക്കും. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇന്നലെ ടാറ്റ ഇക്കാര്യം അറിയിച്ചത്.
അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അട്ടിമറി സാധ്യത കേന്ദ്ര സർക്കാർ തള്ളി. തകർന്ന വിമാനം ഈ മാസം നിരവധി സർവീസുകള്‍ നടത്തിയിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. വിമാന ദുരന്തത്തില്‍ അന്വേഷണത്തിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങള്‍ക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.