Kerala NewsNational NewsTravel

ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് നാളെ ദേശീയ പണിമുടക്ക്: കേരളത്തിൽ ജനജീവിതം സ്തംഭിക്കും

Keralanewz.com

തിരുവനന്തപുരം/ന്യൂഡല്‍ഹി: വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുണ്ട് സ്വകാര്യ ബസുടമകൾ നടത്തുന്ന ബസ് പണിമുടക്ക് രാവിലെ ആരംഭിച്ചു. സ്വകാര്യ ബസുടമകൾ സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇന്ന് സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് ആരംഭിച്ചത്. കെ എസ് ആർ ടി സി കൂടുതൽ ബസുകൾ നിരത്തിലിറക്കുമെന്നറിയിച്ചിട്ടുണ്ടെങ്കിലും യാത്രാക്ലേശത്തിന് പരിഹാരമാകില്ല’

കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പണിമുടക്കില്‍ തൊഴിലാളികളും, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്ക്, ഇൻഷ്വറൻസ് ജീവനക്കാരും പങ്കെടുക്കും.

സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചു. കേരളത്തില്‍ കർഷക, കർഷകത്തൊഴിലാളി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്.

സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്‌.എം.എസ്, ടി.യു.സി.സി, എസ്.ഇ.ഡബ്ല്യു.എ, എ.ഐ.സി.സി.ടി.യു, എല്‍.പി.എഫ്, യു.ടി.യു.സി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. വിവിധ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി സംയുക്ത ട്രേഡ് യൂണിയൻ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് അനുകൂല സർവീസ് സംഘടനയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകളും റദ്ദാക്കുക, ഇന്ത്യൻ ലേബർ കോണ്‍ഫറൻസ് ഉടൻ നടത്തുക, എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും കരാർ തൊഴിലാളികള്‍ക്കും സ്‌കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

പണിമുടക്കുന്ന തൊഴിലാളികള്‍ നാളെ സംസ്ഥാനത്തെ 1020 കേന്ദ്രങ്ങളില്‍ ഒത്തുചേരും. തലസ്ഥാനത്ത് പതിനായിരത്തിലധികം തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനവും രാജ്ഭവനു മുന്നില്‍ കൂട്ടായ്മയും സംഘടിപ്പിക്കും.

Facebook Comments Box