Fri. May 3rd, 2024

കാണാതായ അച്ഛനും മകളും അണക്കെട്ടില്‍ മരിച്ചനിലയില്‍

By admin Mar 22, 2022 #news
Keralanewz.com

അടിമാലി:  കോട്ടയം പാമ്പാടിയില്‍ നിന്നു കാണാതായ പിതാവിന്റെയും മകളുടെയും മൃതദേഹങ്ങള്‍ ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ട് ജലാശയത്തില്‍ കണ്ടെത്തി. ചെമ്പന്‍കുഴി കുരുവിക്കൂട്ടില്‍ വിനീഷ് (49), മകള്‍ പാര്‍വതി (17) എന്നിവരുടെ മൃതദേഹങ്ങളാണു അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.


കഴിഞ്ഞ ദിവസം രാവിലെയാണു വിനീഷ് പാര്‍വതിയെയും കൂട്ടി കുഴിത്തൊളുവിലുള്ള അമ്മയെ കാണാന്‍ പോയത്. ഇവര്‍ പുറപ്പെട്ടതിനു ശേഷം പല തവണ വിനീഷിന്റെ ഭാര്യ ദിവ്യ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. പാമ്പാടി പൊലീസ് സ്റ്റേഷനില്‍ രാത്രിയില്‍ തന്നെ വിവരം അറിയിച്ചു.


അന്വേഷണം നടത്തിയപ്പോള്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിമാലിയിലാണെന്നു കണ്ടെത്തി. തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുലര്‍ച്ചെ ബൈക്ക് കല്ലാര്‍കുടി ഡാമിനു സമീപത്ത് കണ്ടെത്തി. ഹെല്‍മറ്റും വീട്ടില്‍ നിന്നു കൊണ്ടു പോയ വസ്ത്രങ്ങളടങ്ങിയ ബാഗും കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളാണു ആത്മഹത്യയ്ക്കു കാരണമെന്നാണു പ്രാഥമിക നിഗമനം.


ഇന്നലെ രാവിലെ അടിമാലി, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും അടിമാലി, വെള്ളത്തൂവല്‍, പാമ്പാടി എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് സംഘവും നാട്ടുകാരും ചേര്‍ന്നാണു തിരച്ചില്‍ ആരംഭിച്ചത്. വിനീഷ് മീനടം ബിജെപി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ്. ഭാര്യ: ദിവ്യ, മകന്‍: വിഷ്ണു

Facebook Comments Box

By admin

Related Post