ഒടുവിൽ കേരളത്തില്‍ ‘കുടുങ്ങിയ’ ബ്രിട്ടീഷ് ഫൈറ്റര്‍ ജെറ്റ് പറന്നുയര്‍ന്നു; കോടികളുടെ സാമത്തിക ബാധ്യത .
തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം അഞ്ചാഴ്ചയോളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് റോയല്‍ നേവിയുടെ അത്യാധുനിക എഫ്-35ബി യുദ്ധവിമാനം കഴിഞ്ഞ ദിവസം വിജയകരമായി പറന്നുയർന്നു.
ഒരു മാസത്തിലേറെയായി കേരളത്തിന്റെ ആകാശത്ത് ഒരു ചോദ്യചിഹ്നമായി നിലയുറപ്പിച്ച ഈ സ്റ്റെല്‍ത്ത് ജെറ്റിന്റെ മടങ്ങിപ്പോക്ക് ഇന്ത്യൻ അധികൃതർക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.
കഴിഞ്ഞ ജൂണ്‍ 14-നാണ് ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് ഈ ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കിയത്. ബ്രിട്ടീഷ് നേവിയുടെ വിമാനവാഹിനിക്കപ്പലായ എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയില്‍സിലെ സാങ്കേതിക വിദഗ്ധർ തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇന്തോ-പസഫിക് മേഖലയില്‍ പ്രവർത്തിച്ചുവരികയായിരുന്ന ഈ വിമാനം, അടുത്തിടെ ഇന്ത്യൻ നാവികസേനയുമായി സംയുക്ത നാവികാഭ്യാസം പൂർത്തിയാക്കിയിരുന്നു. യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നതിനിടെ ഇന്ധനം കുറഞ്ഞതും പ്രതികൂല കാലാവസ്ഥയും കാരണം പൈലറ്റ് തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ദിവസങ്ങള്‍ നീണ്ട സാങ്കേതിക പ്രയത്നം
യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ബ്രിട്ടീഷ് റോയല്‍ എയർഫോഴ്‌സില്‍ നിന്നുള്ള നാല്‍പ്പതംഗ പ്രത്യേക വിദഗ്ദ്ധ സംഘം ജൂലൈ 6-ന് റോയല്‍ എയർഫോഴ്‌സ് യുദ്ധവിമാനമായ എ-400ല്‍ തിരുവനന്തപുരത്ത് എത്തി. ഇന്ത്യ എഫ്-35 വിമാനങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍, അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ പ്രത്യേക ഉപകരണങ്ങള്‍ പോലും യുകെയില്‍ നിന്ന് വിമാനത്തില്‍ എത്തിക്കേണ്ടി വന്നു.
എയർ ഇന്ത്യയുടെ ഹാങ്ങറിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടന്നത്. വിമാനം ഹാങ്ങറിലേക്ക് മാറ്റുന്നതിനും അറ്റകുറ്റപ്പണികള്‍ സുഗമമാക്കുന്നതിനും ഇന്ത്യൻ അധികൃതരുടെ പൂർണ്ണ പിന്തുണ നിർണായകമായിരുന്നു.
ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവ് വിമാനം യാത്ര തിരിച്ച വിവരം സ്ഥിരീകരിക്കുകയും, ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച ഇന്ത്യൻ അധികാരികള്‍ക്കും വിമാനത്താവള ജീവനക്കാർക്കും പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളില്‍ ഒന്നായ എഫ്-35, ദിവസങ്ങളോളം തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയില്‍ മഴയും വെയിലും കൊണ്ട് കിടന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോള്‍ ആയി മാറിയിരുന്നു.
കേരള ടൂറിസം വകുപ്പ് പോലും വിമാനത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘കേരളം, നിങ്ങള്‍ ഒരിക്കലും പോകാൻ ആഗ്രഹിക്കാത്ത ലക്ഷ്യസ്ഥാനം’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടി.
അടിയന്തര ലാൻഡിംഗിന് ശേഷം വിമാനം തിരികെ കൊണ്ടുപോകാൻ യുകെ ഉദ്യോഗസ്ഥർ പല വഴികളും ആലോചിച്ചിരുന്നു. അഞ്ച് ആഴ്ചയോളം ഇന്ത്യയില്‍ തങ്ങിയത് വിമാനത്തിന് വലിയ സാമ്ബത്തിക ബാധ്യതയാണ് വരുത്തിയത്. അദാനി തിരുവനന്തപുരം ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡാണ് തിരുവനന്തപുരം വിമാനത്താവളം നിയന്ത്രിക്കുന്നത്.
അതിനാല്‍ വിമാനത്തിന്റെ പാർക്കിംഗ് ഫീസ് ഇനത്തിലുള്ള തുക അദാനി കമ്ബനിക്കാണ് ബ്രിട്ടൻ നല്‍കേണ്ടി വരിക. വിമാനത്തിന്റെ പരമാവധി ടേക്ക് ഓഫ് ഭാരം അടിസ്ഥാനമാക്കിയാണ് പാർക്കിംഗ് ഫീസ് ഈടാക്കുക. 38 ദിവസത്തെ താമസത്തിന് 9,97,918 രൂപയാണ് പാർക്കിംഗ് ഫീസ്. ഇതിനൊപ്പം 1-2 ലക്ഷം രൂപ വരെ വരുന്ന ലാൻഡിംഗ് ചാർജും ബ്രിട്ടൻ നല്‍കേണ്ടി വരും. മൊത്തത്തില്‍ 10 ലക്ഷം രൂപയ്ക്ക് മുകളില്‍ തുക അദാനി കമ്ബനിക്ക് ലഭിക്കും.
ലോക്ഹീഡ് മാർട്ടിൻ രൂപകല്‍പ്പന ചെയ്ത എഫ്-35ബി, ചരിത്രത്തിലെ ഏറ്റവും ചെലവേറിയ യുദ്ധവിമാന പദ്ധതികളില്‍ ഒന്നാണ്. ഇതിന് എ, ബി, സി എന്നിങ്ങനെ മൂന്ന് വകഭേദങ്ങളുണ്ട്. യുകെ റോയല്‍ നേവി ഉപയോഗിക്കുന്ന ബി വേരിയന്റിന് ഷോർട്ട് ടേക്ക്-ഓഫുകളും ലംബ ലാൻഡിംഗുകളും നടത്താൻ കഴിയും. ഇത് കാറ്റപ്പള്‍ട്ട് സംവിധാനങ്ങളില്ലാതെ വിമാനവാഹിനിക്കപ്പലുകളില്‍ നിന്ന് പറന്നുയരാൻ വിമാനത്തെ സഹായിക്കുന്നു.