വില കുറയും! ജിഎസ്ടി 2.0 അവതരിപ്പിച്ച് മോദി സര്‍ക്കാര്‍ ; അവശ്യവസ്തുക്കള്‍ക്ക് ഇനി 5% മാത്രം ജിഎസ്ടി ; മദ്യത്തിനും പുകയിലയ്ക്കും 40%
ന്യൂഡല്‍ഹി : ജിഎസ്ടിയില്‍ പ്രധാന മാറ്റങ്ങള്‍ക്ക് നിർദേശം നല്‍കി കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി രാജ്യത്ത് ജിഎസ്ടി നിരക്കില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്ന് വ്യക്തമാക്കിയിരുന്നു
വരുന്ന ദീപാവലിക്ക് മുന്നോടിയായി രാജ്യത്ത് പുതിയ ജിഎസ്ടി നയം നടപ്പിലാക്കും. അവശ്യവസ്തുക്കള്‍ക്ക് 5% ഉം 18% ഉം നികുതി ആയിരിക്കും പുതിയ ജിഎസ്ടി നയത്തില്‍ ഉണ്ടായിരിക്കുക. ഇതുവരെ 12% ജിഎസ്ടി ഉണ്ടായിരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി 5% മാത്രമായിരിക്കും നികുതി ഉണ്ടായിരിക്കുക.
നിലവില്‍ 28 ശതമാനം ജിഎസ്ടി ഉള്ള വസ്തുവകകളുടെ നികുതി പുതിയ ജിഎസ്ടി നയത്തില്‍ 18% ആയി കുറയും. നിലവിലെ 12 ശതമാനം ജിഎസ്ടി സ്ലാബില്‍ വരുന്ന ഏകദേശം 99 ശതമാനം ഇനങ്ങളും ഇപ്പോള്‍ അഞ്ച് ശതമാനം സ്ലാബിലേക്ക് പോകും. അതേസമയം, 28 ശതമാനം സ്ലാബില്‍ വരുന്ന ഏകദേശം 90 ശതമാനം ഇനങ്ങളാണ് 18 ശതമാനം സ്ലാബിലേക്ക് പോകുക. ഈ മാറ്റം നികുതി ഘടന ലളിതമാക്കുകയും ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അതേസമയം ആഡംബര, ദോഷകരമായ വസ്തുക്കള്‍ക്ക് (മദ്യം, പുകയില മുതലായവ) 40 ശതമാനം പ്രത്യേക നികുതി ചുമത്തും. ഓണ്‍ലൈൻ ഗെയിമിംഗിനെ ‘ഹാനികരമായ വസ്തുക്കള്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരമാവധി നികുതി നിരക്ക് ബാധകമാക്കും എന്നും കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട ജിഎസ്ടി പരിഷ്കരണത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരില്ല, മുമ്ബത്തെപ്പോലെ അവയ്ക്ക് പ്രത്യേക നികുതി ചുമത്തും. വജ്രങ്ങള്‍, വിലയേറിയ കല്ലുകള്‍ തുടങ്ങിയ തൊഴില്‍-തീവ്രവും കയറ്റുമതി അധിഷ്ഠിതവുമായ മേഖലകളിലെ നികുതി നിരക്കുകളും മുമ്ബത്തെപ്പോലെ തന്നെ തുടരും.
നിലവില്‍, അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്ക് 0%, നിത്യോപയോഗ സാധനങ്ങള്‍ക്ക് 5%, പൊതു വസ്തുക്കള്‍ക്ക് 12%, ഇലക്‌ട്രോണിക്സ്, സേവനങ്ങള്‍ക്ക് 18%, ആഡംബര/കേടാകുന്ന വസ്തുക്കള്‍ക്ക് 28% എന്നിങ്ങനെയാണ് നികുതി ചുമത്തുന്നത്. പുതിയ സംവിധാനം 12%, 28% നിരക്കുകള്‍ ഇല്ലാതാക്കും. കേന്ദ്ര സർക്കാരിനുള്ള പ്രധാന നികുതി വരുമാനം 18% നികുതി സ്ലാബില്‍ നിന്നാണ് വരുന്നത്. മൊത്തം ജിഎസ്ടി വരുമാനത്തിന്റെ 65% ആണിത്. നികുതി വരുമാനം കുറയുന്നതിലൂടെ ആളുകള്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാൻ വഴി വയ്ക്കുന്നതിനാല്‍ രാജ്യത്തിന് സാമ്ബത്തിക നഷ്ടം ഉണ്ടാകില്ല എന്നാണ് മോദി സർക്കാരിന്റെ വിലയിരുത്തല്‍.