കുവൈറ്റിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരിലേറെയും ഇന്ത്യക്കാര്‍; കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചന
കുവൈറ്റ് സിറ്റി: വിഷമദ്യ ദുരന്തത്തില്‍ നടുങ്ങി കുവൈറ്റ്. മദ്യ നിരോധനം നിലനില്‍ക്കുന്ന രാജ്യത്ത് വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ 23 പേർ ഇതുവരെ മരിച്ചെന്നാണ് റിപ്പോർട്ട്.
160 പേരാണ് ഇതുവരെ ചികിത്സ തേടിയത്. ഇവരില്‍ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോർട്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള 51 പേരുടെ വൃക്ക തകരാറിലായെന്നും ഇവർക്ക് ഡയാലിസിസ് നടത്തുകയാണ് എന്നും പുറത്തുവരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരിലേറെയും ഇന്ത്യക്കാരാണ്. കണ്ണൂർ സ്വദേശി ഉള്‍പ്പെടെ ആറ് മലയാളികള്‍ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. എന്നാല്‍, ഇതില്‍ കൂടുതല്‍ മലയാളികള്‍ മരിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. മദ്യനിരോധനമുള്ളതിനാല്‍ മരിച്ചവരുടെ വിവരങ്ങള്‍ പുറത്തു വിടുന്നതില്‍ കർശന നിയന്ത്രണങ്ങളുണ്ട്. ഇന്ത്യൻ എംബസിയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്നു മാത്രം പറയുന്ന എംബസി ദുരന്തകാരണം പോലും വെളിപ്പെടുത്തുന്നില്ല.
അതേസമയം, വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ചികിത്സയില്‍ കഴിയുന്നവരില്‍ 31 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നത്. 21 പേർക്കു കാഴ്ച പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ട്. വിഷമദ്യ ദുരന്തത്തെ തുടർന്നു കുവൈറ്റില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. അനധികൃത മദ്യ നിർമാണശാലകള്‍ കണ്ടെത്താനായി വ്യാപക പരിശോധനയും ആരംഭിച്ചിട്ടുണ്ട്