ഇൻഡി മുന്നണി അധികാരത്തിലെത്തിയാല്‍ നിങ്ങള്‍ മൂന്ന് പേരുടെയും പണി പോവും; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയന്ത്രണം വിട്ട ഭീഷണിയുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഇൻഡി മുന്നണി അധികാരത്തിലെത്തിയാല്‍ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ നടപടിയെടുക്കുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർക്കെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ വിമർശനം.ബിഹാറിലും ഡല്‍ഹിയിലും ഇൻഡി സർക്കാർ അധികാരത്തില്‍ വരുന്ന ദിവസം വരുമെന്നും അന്ന് ഈ മൂന്ന് പേർക്കെതിരെയും ഞങ്ങള്‍ നടപടിയെടുക്കുമെന്നും രാഹുല്‍ പ്രസംഗത്തില്‍ ഭീഷണിപ്പെടുത്തി.
വോട്ട് മോഷണം ഭാരതാംബയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്ന് പറഞ്ഞ രാഹുല്‍, ഇത് പിടിക്കപ്പെട്ടശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം നല്‍കാൻ ആവശ്യപ്പെടുകയാണെന്നും വ്യക്തമാക്കി.