Kerala News

പെരുവനന്താനത്ത് യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകം: ഒരാൾ അറസ്റ്റിൽ

Keralanewz.com

മുണ്ടക്കയം ഈസ്‌റ്റ്‌: ഓട്ടോഡ്രൈവറുടെ മരണം കൊലപാതകമെന്ന്‌ പോലീസ്‌ കണ്ടെത്തി. ഓട്ടോ ഡ്രൈവറെ ഉളി കൊണ്ട്‌ കുത്തി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
പെരുവന്താനം മരുതുംമൂട്‌ ആലപ്പാട്ട്‌ ലിന്‍സണ്‍ (34) മരിച്ചത്‌ സുഹൃത്തായ മരുതുംമൂട്‌ സ്വദേശി കുഴിവേലിമറ്റത്തില്‍ അജോ (34) യുടെ കുത്തേറ്റാണെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞു. വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴരയോടെ അജോയുടെ ഉടമസ്‌ഥതയിലുള്ള തടി വര്‍ക്ക്‌ ഷോപ്പില്‍ വച്ചായിരുന്നു സംഭവം. സുഹൃത്തുക്കളായിരുന്ന ഇരുവരും ഒരുമിച്ച്‌ മദ്യപിക്കുന്നത്‌ പതിവായിരുന്നു.
സംഭവ ദിവസം മദ്യപാനത്തിന്‌ ശേഷം ഉറങ്ങി പോയ ലിന്‍സണെ വിളിച്ച്‌ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇരുവരും തമ്മില്‍ വാക്ക്‌ തര്‍ക്കമുണ്ടാവുകയും വര്‍ക്ക്‌ ഷോപ്പില്‍ സൂക്ഷിച്ചിരുന്ന പൊഴി ഉളി ഉപയോഗിച്ച്‌ പ്രതി കുത്തുകയുമായിരുന്നു. ഇതിന്‌ ശേഷം പ്രതിയായ അജോ തന്നെ ലിന്‍സണെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വയറിന്റെ വശത്തായിട്ടാണ്‌ കുത്തേറ്റത്‌. ആഴത്തിലുള്ള മുറിവായതിനാല്‍ ആന്തരിക രക്‌തസ്രാവമാണ്‌ മരണ കാരണമെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പറയുന്നു. വര്‍ക്ക്‌ ഷോപ്പില്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ ലിന്‍സണ്‍ ഉളിയുടെ മുകളിലേയ്‌ക്കു വീഴുകയായിരുന്നുവെന്നാണ്‌ അജോ പോലീസിനോട്‌ ആദ്യം പറഞ്ഞിരുന്നത്‌.
സംഭവത്തില്‍ ദുരൂഹത തോന്നിയതിനെ തുര്‍ന്ന്‌ കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പെരുവന്താനം സി. ഐ. ജയപ്രകാശ്‌, എസ്‌. ഐമാരായ ബിജു ജോസഫ്‌, കെ. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Facebook Comments Box