Fri. Apr 26th, 2024

മദ്യലഹരിയിൽ എസ്.ഐയുടെ വാഹന പരിശോധന; ഇരുചക്രവാഹനയാത്രികയോട് അപമര്യാദയായി പെരുമാറി; ഡ്രൈവിങ്‌ ലൈസൻസ് തട്ടിയെടുത്തു; സബ്ബ് ഇൻസ്പെക്ടറെ സർവീസിൽനിന്നു സസ്പെൻഡ്‌ ചെയ്തു

By admin Sep 9, 2021 #news
Keralanewz.com

കുളത്തൂപ്പുഴ:മദ്യലഹരിയിൽ ഇരുചക്രവാഹനയാത്രികയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിങ്‌ ലൈസൻസ് തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ സബ്ബ് ഇൻസ്പെക്ടറെ സർവീസിൽനിന്നു സസ്പെൻഡ്‌ ചെയ്തു. കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. അജിത്ത്കുമാറിനെയാണ് സസ്പെൻഡ്‌ ചെയ്തത്‌.

ബുധനാഴ്ച ഉച്ചയ്ക്ക് ചിതറ പോലീസ് സ്റ്റേഷൻ പരിധിയിലെ മടത്തറ ശിവൻമുക്ക് ജങ്‌ഷനിലായിരുന്നു സംഭവം. നെയ്യാറ്റിൻകര സ്വദേശി അജിത്ത്കുമാർ അടുത്തിടെയാണ് മാറ്റംകിട്ടി കുളത്തൂപ്പുഴയിൽ എത്തിയത്‌.

കഴിഞ്ഞദിവസം മദ്യലഹരിയിൽ ഇരുചക്രവാഹനത്തിൽ ഡ്യൂട്ടിക്കായി കുളത്തൂപ്പുഴയിലേക്കു വരികയായിരുന്ന അജിത്ത്കുമാറിന്‍റെ മുന്നിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞ്‌ ലൈസൻസ് ആവശ്യപ്പെട്ടു. സംശയം തോന്നിയ ഇവർ തൊട്ടടുത്ത കവലയിൽ വാഹനം നിർത്തി പരാതിപ്പെട്ടപ്പോൾ നാട്ടുകാർ അജിത്ത്കുമാറിനെ ചോദ്യംചെയ്തു.

തുടർന്ന്‌ താൻ എസ്.ഐ.യാണെന്നു വെളിപ്പെടുത്തുകയും യുവതിയിൽനിന്ന്‌ ലൈസൻസ് കൈക്കലാക്കുകയുമായിരുന്നു.

യുവതി പരാതിയുമായി കുളത്തൂപ്പുഴ സർക്കിൾ ഇൻസ്പെക്ടർ ഗിരീഷ്‌കുമാറിനെ സമീപിച്ചു. സി.ഐ.യുടെ അന്വേഷണത്തിൽ അജിത്ത്കുമാർ മദ്യപിച്ചിട്ടുണ്ടെന്നു മനസ്സിലാക്കി കേസെടുത്ത്‌ സംഭവം നടന്ന ചിതറ സ്റ്റേഷനിലേക്ക് റിപ്പോർട്ട് കൈമാറുകയുമായിരുന്നു. തുടർന്നാണ് ജില്ലാ പോലീസ് മേധാവി കെ.ബി.രവി സസ്പെൻഡ്‌ ചെയ്തത്.

ഡ്യൂട്ടിയിൽ അല്ലാത്ത സമയം മറ്റൊരു സ്റ്റേഷൻ പരിധിയിൽപ്പെട്ട പ്രദേശത്ത് മദ്യപിച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും പിടിച്ചെടുത്ത ലൈസൻസ് സ്റ്റേഷനിൽ കൈമാറാതെ കൃത്യവിലോപം കാണിക്കുകയും ചെയ്തെന്ന കണ്ടെത്തലാണ് സസ്പെൻഷനിലേക്ക് നയിച്ചത്.

Facebook Comments Box

By admin

Related Post