Thu. May 2nd, 2024

സുരക്ഷാ ഏജൻസികളിലേക്കു ജോലിക്കെത്തുന്നവരിൽനിന്ന്‌ തോക്കും വ്യാജ ലൈസൻസും കണ്ടെത്തിയ സംഭവം; അന്വേഷണം കാശ്മീരിലേക്ക്

By admin Sep 9, 2021 #news
Keralanewz.com

തിരുവനന്തപുരം: സുരക്ഷാ ഏജൻസികളിലേക്കു ജോലിക്കെത്തുന്നവരിൽനിന്ന്‌ തോക്കും വ്യാജ ലൈസൻസും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അറസ്റ്റുകളുണ്ടായേക്കും. തിരുവനന്തപുരത്തിനും എറണാകുളത്തിനും പിന്നാലെ മറ്റു ജില്ലകളിലും സംശയാസ്പദമായ തരത്തിൽ കണ്ടെത്തിയ തോക്കുകളും ലൈസൻസും പോലീസ് പരിശോധിച്ചുവരികയാണ്.

കരമനയിൽനിന്ന്‌ അഞ്ചു തോക്കുകൾ കൂടാതെ കഴിഞ്ഞ ദിവസം കളമശ്ശേരിയിൽനിന്ന്‌ 19 തോക്കുകൾ കൂടി പിടിച്ചെടുത്തിരുന്നു. ഈ തോക്കുകളുപയോഗിച്ചിരുന്നവരെല്ലാം കശ്മീരിലെ രജൗരി ജില്ല സ്വദേശികളും സിസ്‌കോ എന്ന ഒരു ഏജൻസിയിൽ ജോലിചെയ്തിരുന്നവരുമാണ്.

കരമനയിൽ തോക്ക്‌ കണ്ടെടുത്ത സംഭവത്തിൽ ഇൻസ്പെക്ടർ ബി.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം തുടരന്വേഷണത്തിനായി കശ്മീരിലെത്തിയിട്ടുണ്ട്. പിടിയിലായ അഞ്ചു പേരിൽ ഗുൽസമൻ എന്ന പ്രതിയെയും ഇവർ തെളിവെടുപ്പിനായി കൊണ്ടുപോയിട്ടുണ്ട്. കളമശ്ശേരിയിലും വ്യാജ തോക്കുകൾ കണ്ടെടുത്ത സംഭവമുണ്ടായ പശ്ചാത്തലത്തിൽ ഒരു സംഘംകൂടി കശ്മീരിലേക്കു പോയേക്കും. ഇവരെ നിയമിച്ച സുരക്ഷാസ്ഥാപനത്തിലെ ജീവനക്കാരെയും ചോദ്യംചെയ്യുന്നുണ്ട്. സുരക്ഷാസ്ഥാപനത്തിനെതിരേയും കേസെടുത്തേക്കും.

മറ്റു സംസ്ഥാനങ്ങളിലും ഇത്തരം വ്യാജ ലൈസൻസ് തോക്കുകളുമായി കശ്മീരി സ്വദേശികളുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ സംശയം. രജൗരി ജില്ലയിൽ വ്യാജ തോക്ക് ലൈസൻസുകൾ സംബന്ധിച്ച ഒരു കേസ് സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്. ഒരു ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥന് ജില്ലയുടെ ചുമതലയുണ്ടായിരുന്ന സമയത്താണ് വ്യാപകമായി തോക്കുകൾക്ക് വ്യാജ ലൈസൻസ് നൽകിയതെന്നും സി.ബി.ഐ. കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിലും ഒാഫീസിലുമെല്ലാം സി.ബി.ഐ. സംഘം രണ്ടു മാസം മുൻപ്‌ പരിശോധന നടത്തിയിരുന്നു.

തോക്ക് ലൈസൻസുള്ളവരെയാണ് എ.ടി.എമ്മിൽ പണം നിറയ്ക്കുന്നതിനടക്കമുള്ള ധനകാര്യ കാര്യങ്ങൾക്ക് സുരക്ഷാജീവനക്കാരായി നിയമിക്കുന്നത്.

കശ്മീരി സ്വദേശികളായ നിരവധിപ്പേർ വ്യാജ ലൈസൻസും തോക്കും സംഘടിപ്പിച്ച് ഇത്തരത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ തേടിയാണ് പോലീസ് സംഘം കശ്മീരിലേക്കു പോയത്.

Facebook Comments Box

By admin

Related Post