Thu. Mar 28th, 2024

പൊൻകുന്നം-പുനലൂർ ഹൈവേയ്ക്കായി മുക്കാൽ സെന്റ് സ്ഥലം വിട്ടുനൽകിയതോടെ വീട്ടിലേക്ക് വഴിയില്ലാതായി ഒരുകുടുംബം

By admin Sep 20, 2021 #news
Keralanewz.com

പൊൻകുന്നം-പുനലൂർ ഹൈവേയ്ക്കായി മുക്കാൽ സെന്റ് സ്ഥലം വിട്ടുനൽകിയതോടെ വീട്ടിലേക്ക് വഴിയില്ലാതായി ഒരുകുടുംബം. മഞ്ഞപ്പള്ളിക്കുന്ന് കണച്ചുമലക്കരോട്ട് രാധാമോഹനും(രാജു) ഭാര്യ ശ്രീകുമാരിയമ്മയുമാണ് വഴിയില്ലാതായതുമൂലം ദുരിതമനുഭവിക്കുന്നത്.

60-നുമുകളിൽ പ്രായമുള്ള ഈ ദമ്പതിമാർ റോഡിൽനിന്ന് 15 അടിയോളം ഉയരത്തിലായ വീട്ടിലെത്തുന്നത് മണ്ണിൽ വെട്ടിയുണ്ടാക്കിയ നടയിലൂടെയാണ്. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന രാധാമോഹന് വീടിന് പുറത്തേക്കിറങ്ങണമെങ്കിൽ സാഹസികയാത്ര വേണം.

മുക്കാൽ സെന്റ് സ്ഥലം വിട്ടുനൽകിയതിന് ഒൻപതുവർഷം മുമ്പ് 17,000 രൂപ നഷ്ടപരിഹാരം കിട്ടിയിരുന്നു. പിന്നീട് നിർമാണത്തിനായി മണ്ണെടുത്തുമാറ്റിയത് കഴിഞ്ഞ വർഷമാണ്. അപ്പോഴാണ് സ്ഥലം വിട്ടുനൽകിയത് വീട്ടുകാർക്ക് കെണിയായെന്ന് ബോധ്യപ്പെട്ടത്. കെട്ടിടിച്ച് റോഡിന് വീതികൂട്ടിയപ്പോൾ വീട് റോഡിന്റെ ഇറമ്പത്തായി. കിണർ ഓടയുടെ വക്കത്തായി.

ഓടയിലെ വെള്ളം കിണർവെള്ളം മലിനപ്പെടുത്താനും സാധ്യതയേറെ. ഈ ഭാഗം കെട്ടി നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.പി.ക്ക് പരാതി നൽകിയെങ്കിലും നടപടി ആയില്ല. കെ.എസ്.ടി.പി.അറിയിച്ചവർക്കുമാത്രമേ സംരക്ഷണഭിത്തി നിർമിച്ചുനൽകൂ എന്ന് കരാർ കമ്പനിയും അറിയിച്ചു. ഈ പ്രശ്നത്തിന് കോടതിവഴി പരിഹാരം തേടാൻ ആലോചിക്കുകയാണ് രാധാമോഹൻ.

Facebook Comments Box

By admin

Related Post