Kerala News

കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും

Keralanewz.com

കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും. അന്തിമ പട്ടിക ഹൈക്കമാന്‍ഡിന്‍്റെ അംഗീകാരത്തിനായി കെ സുധാകരനും വിഡി സതീശനും ചേര്‍ന്ന് സമര്‍പ്പിച്ചിരുന്നു. കേരളത്തിന്‍്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കെപിസിസി പ്രസിഡന്‍്റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ എന്നിവര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് അന്തിമ പട്ടിക സമര്‍പ്പിച്ചത്.

കെപിസിസി അധ്യക്ഷനടക്കം 51 പേരടങ്ങുന്ന കമ്മിറ്റിയുടെ ലിസ്റ്റ് ആണ് ഹൈക്കമാന്‍ഡിന് കേരള കോണ്‍ഗ്രസ് നേതൃത്വം സമര്‍പ്പിച്ചത്. എഐസിസി അംഗീകാരം ലഭിച്ചാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളുടെ പേര് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു.

പട്ടിക പുറത്ത് വരുമ്ബോള്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ അടക്കമുള്ള ഗ്രൂപ്പ് നേതാക്കള്‍ നല്‍കിയ പേരുകള്‍ ഉണ്ടാകുമോ എന്നതാണ് ശ്രദ്ധേയമായ കാര്യം. ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട് എന്നും അവര്‍ നല്‍കിയ പേരുകള്‍ പരിഗണനയില്‍ ഉണ്ട് എന്നുമാണ് താരിഖ് അന്‍വര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ലിസ്റ്റില്‍ അതൃപ്തരായാല്‍ പരസ്യപ്പോരിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നീങ്ങും.

ഡിസിസി പുനഃസംഘടന സമയത്ത് ഉണ്ടായതു പോലെ പാര്‍ട്ടിക്ക് ഉള്ളില്‍ കലാപം ഉണ്ടാകരുതെന്ന് കെപിസിസി പുനഃസംഘടനാ വേളയില്‍ ഹൈക്കമാന്‍ഡ് അന്ത്യശാസനം നല്‍കിയിരുന്നു. അത് കൊണ്ട് തന്നെ ഗ്രൂപ്പ് നേതാക്കളെ പൂര്‍ണമായി തള്ളാതെ ലിസ്റ്റ് തയ്യാറാക്കാന്‍ കെപിസിസി അധ്യക്ഷനും ബാധ്യത ഉണ്ട്.

സ്ത്രീ പ്രാതിനിധ്യം ഉണ്ടായില്ല എന്ന കേന്ദ്ര നേതൃത്വത്തിന്‍്റെ വിമര്‍ശനം ഡിസിസി പുനഃസംഘടനാ സമയത്ത് ഉയര്‍ന്നിരുന്നു. ഇത് പരിഹരിക്കാന്‍ വൈസ് പ്രസിഡന്റ് പദത്തിലേക്ക് ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍ എന്നിവരില്‍ ആരെയെങ്കിലും പരിഗണിച്ചേക്കും. വനിതകളായ രണ്ടു പേരില്‍ ആര് വന്നാലും നിലവിലെ നിബന്ധനയില്‍ ഇളവ് നല്‍കേണ്ടിവരും. പത്മജ അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഭാരവാഹിയായതിനാലും ഡിസിസി അധ്യക്ഷ പദത്തില്‍ നിന്ന് ഒഴിവാക്കിയ ബിന്ദു കൃഷ്ണയെ എക്സിക്യൂട്ടിവില്‍ ഉള്‍പ്പെടുത്താമെന്ന ധാരണ ഉള്ളതിനാലും ഇരുവര്‍ക്കും ഇളവ് അനിവാര്യമാണ്. ദളിത് നേതാവെന്ന നിലയില്‍ വി പി സജീന്ദ്രന്‍ വൈസ് പ്രസിഡന്റ് പദത്തിലേക്ക് പരിഗണനയിലുണ്ട്.

Facebook Comments Box