മീഡിയവണ്ണിനെ വിലക്കിയത് കെട്ടിച്ചമച്ച ആരോപണങ്ങളിലൂടെയെന്ന് വ്യക്തമായെന്ന് സുധാകരന്‍
മീഡിയവണ്‍ ചാനലിന്‍റെ സംപ്രേഷണം കേന്ദ്രം വിലക്കിയത് കെട്ടിച്ചമച്ച ആരോപണങ്ങളുപയോഗിച്ചാണെന്ന് കോടതി വിധിയിലൂടെ വ്യക്തമായെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.
സുധാകരന്‍. വാര്‍ത്താ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം കോടതിയില്‍ നല്‍കിയ രഹസ്യഫയലുകളില്‍ എന്തൊക്കെയോ ഉണ്ടെന്നാണ് പലരും കരുതിയത്. എന്നാല്‍, ഒന്നുമില്ലെന്ന് സുപ്രീം കോടതി വിധിയിലൂടെ ബോധ്യമായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
ഒരാളെയോ സ്ഥാപനത്തെയോ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്ബോള്‍ കുറ്റമെന്താണെന്ന് പറയേണ്ടതുണ്ട്. മീഡിയവണ്ണിന്‍റെ സംപ്രേഷണം വിലക്കിയപ്പോള്‍ അതുണ്ടായില്ലെന്നും സുധാകരന്‍ പറഞ്ഞു.
മീഡിയവണ്ണിന്‍റെ സംപ്രേഷണം വിലക്കിയ കേന്ദ്ര നടപടി ഹൈകോടതി നേരത്തെ ശരിവെച്ചിരുന്നു. കേന്ദ്രം ഹൈകോടതിയില്‍ മുദ്രവെച്ച് നല്‍കിയ രഹസ്യഫയലുകള്‍ പരിശോധിച്ചാണ് ഹൈകോടതി വിലക്ക് ശരിവെച്ചത്. എന്നാല്‍, അതേ ഫയലുകള്‍ പരിശോധിച്ച സുപ്രീം കോടതി വിലക്ക് നീക്കുകയും വിശദ രേഖകള്‍ ഉണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയുമായിരുന്നു.