Kerala News

എടീ എന്ന് വിളിക്കാൻ ആരാണ് അവർക്ക് അനുവാദം നൽകിയത്; ‘മോള് കാറിനുള്ളിൽ കയറി ഇരുന്നോളൂ’ എന്ന് പറഞ്ഞ് പൊലീസ് ആദ്യമേ എന്നെ സുരക്ഷിതയാക്കി, വാഹനാപകടത്തിൽ താൻ നിയമനടപടിയുമായി മുന്നോട്ടില്ലെന്ന് ഗായത്രി സുരേഷ്

Keralanewz.com

കൊച്ചി : കാക്കനാട് വച്ച് അപകടമുണ്ടാക്കിയിട്ടും വാഹനം നിറുത്താതെ ഓടിച്ചുപോയ സിനിമ നടി ഗായത്രി സുരേഷിന്റെയും സുഹൃത്തിന്റെയും നടപടി നാട്ടുകാർ ചോദ്യം ചെയ്ത വീഡിയോ വൈറലായിരുന്നു. നിർത്താതെ പോയ വാഹനം പിന്തുടർന്ന് തടഞ്ഞിട്ട നാട്ടുകാർ ചിത്രീകരിച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവത്തിൽ ന്യായീകരണവുമായി നടി എത്തിയത്. താൻ ഒരു നടിയായതു കൊണ്ട് ആളുകൾ കൂടിയാൽ എങ്ങനെയാകും പ്രതികരിക്കുക എന്ന് പേടിച്ചാണ് ഓടിച്ച് പോയത് എന്നാണ് അപകടത്തിന് ശേഷം കാർ നിർത്താതിരുന്നതിനെ വീഡിയോയിൽ ഗായത്രി സുരേഷ് ന്യായീകരിച്ചത്. എന്നാൽ ഈ അഭിപ്രായത്തിനും ഏറെ വിമർശനങ്ങളാണ് നടിക്കെതിരെ ഉയർന്നത്. ഇപ്പോൾ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അപകടത്തോട് അനുബന്ധിച്ച് സംഭവിച്ച കാര്യങ്ങൾ നടി വെളിപ്പെടുത്തി. തനിക്കെതിരെ ജനക്കൂട്ടം മോശമായി സംസാരിച്ചുവെന്നും പൊലീസെത്തിയാണ് സുരക്ഷിതയാക്കിയതെന്നും താരം വ്യക്തമാക്കുന്നു.കാരണം ഞാനൊരു നടിയാണല്ലോ, അപകടമുണ്ടാക്കിയിട്ടും വാഹനം നിർത്താതെ പോകാനുള്ള നടി ഗായത്രി സുരേഷിന്റെ ന്യായീകരണത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം
മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുന്നിലുള്ള വാഹനവുമായി ഉരഞ്ഞതാണ് അപകടമുണ്ടാക്കിയത്. എന്നാൽ റോഡിൽ തിരക്കായതിനാൽ നിറുത്തിയില്ല, കുറച്ച് മുന്നോട്ട് പോയപ്പോൾ ആളുകൾ പിന്നാലെയുണ്ടെന്ന് മനസിലായി. എന്നാൽ അപ്പോഴേക്കും അവർ ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചെന്നും ഗായത്രി സുരേഷ് പറയുന്നു. കാറിനു മുന്നിൽ വട്ടംവച്ച് നിർത്തിയശേഷം ഇറങ്ങിയ പയ്യൻ തന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുപൊളിച്ച് വീട്ടുകാരെ അസഭ്യം പറഞ്ഞു. താൻ ഒരു സെലിബ്രിറ്റി ആയതിനാലാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. സാധാരണക്കാരായിരുന്നു എങ്കിൽ അവർ വീഡിയോ എടുക്കില്ലായിരുന്നു. ഒടുവിൽ പൊലീസ് വന്ന ശേഷം ‘മോള് കാറിനുള്ളിൽ കയറി ഇരുന്നോളൂ’ എന്ന് പറഞ്ഞ് തന്നെ സുരക്ഷിതയാക്കിയെന്നും ഗായത്രി പ്രതികരിച്ചു.

തന്നെ എടീ എന്ന് വിളിക്കാൻ ആരാണ് അവർക്ക് അനുവാദം നൽകിയതെന്നും ഗായത്രി ചോദിക്കുന്നു, മധു എന്ന യുവാവിനെ അടിച്ചു കൊന്ന സംഭവം പോലെയാണ് ഇതെന്നും നടി പറയുന്നു. എന്നാൽ ഈ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടില്ലെന്നും താൻ സിനിമകളുമായി സന്തോഷത്തോടെ മുന്നോട്ടുപോകുമെന്നും ഗായത്രി സുരേഷ് വ്യക്തമാക്കി.

Facebook Comments Box