Kerala News

മലയോര മേഖകളില്‍ ഉരുള്‍ പൊട്ടല്‍ ഭീഷണി: കോഴിക്കോട് ജാഗ്രത തുടരുന്നു

Keralanewz.com

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മുന്നറിയിപ്പ് നല്‍കി ജില്ലാ കലക്ടര്‍. കുമാരനെല്ലൂര്‍, കൊടിയത്തൂര്‍ വില്ലേജുകളിലാണ് ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നത്. ഈ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.

സംസ്ഥാനത്ത് വരാനിരിക്കുന്ന രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴയ്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്ടെ കിഴക്കന്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീതി നിലനില്‍ക്കുന്നതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിഗമനം. കുമാരനെല്ലൂര്‍ വില്ലേജില്‍ പൈക്കാടന്‍ മല, കൊളക്കാടന്‍ മല, ഊരാളിക്കുന്ന്, മൈസൂര്‍മല പ്രദേശങ്ങള്‍ ദുരന്ത സാധ്യതാ മേഖലയാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ ഇവിടത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി തേക്കുംകുറ്റി സ്കൂള്‍, തോട്ടക്കാട് ഐഎച്ച്‌ആര്‍ഡി കോളജ് എന്നീ സ്ഥാപനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം മേഖലയിലും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ട്. ചീരാംകുന്ന്, മങ്കുഴി പാലം, മൈസൂര്‍ മല എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ തോട്ടുമുക്കം ഹയര്‍സെക്കണ്ടറി സ്കൂളില്‍ സജ്ജീകരിച്ച ക്യാമ്ബിലേക്കോ ബന്ധു വീട്ടുകളിലേക്കോ മാറി താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

Facebook Comments Box