ദത്ത് വിവാദത്തില്‍ അനുപമക്ക് തിരിച്ചടി: ഹേബിയസ് കോര്‍പ്പസ് ഹരജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്ന് ഹൈക്കോടതി

Spread the love
       
 
  
    

അനധികൃതമായി ദത്ത് നല്‍കിയ കുഞ്ഞിനെ വിട്ടുകിട്ടാനായി ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയ അനുപമക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ഹരജി പിന്‍വലിക്കണമെന്നും, ഇല്ലെങ്കില്‍ തള്ളുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം കുടുംബകോടതിയില്‍ മറ്റൊരു കേസ് നിലനില്‍ക്കെ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു. കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസ് നാളത്തേക്ക് ഹൈക്കോടതി മാറ്റിവെച്ചു.

കുഞ്ഞിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ഹാജരാക്കി തനിക്ക് കൈമാറണമെന്നാണ് ഹരജിയില്‍ അനുപമയുടെ ആവശ്യം. ഇത് ഹൈക്കോടതി അംഗീകരിക്കുന്നില്ല.കുടുംബകോടതിയുടെ പരിഗണനയില്‍ ആയതുകൊണ്ട് ഈ കേസില്‍ സത്വര ഇടപെടലിലേക്കോ നടപടിയിലേക്കോ ഹൈക്കോടതി കടക്കേണ്ട കാര്യമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമസമിതിക്ക് അധികാരമുണ്ടല്ലോ എന്ന് നിരീക്ഷിച്ച കോടതി, കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഹര്‍ജി പിന്‍വലിച്ചുകൂടേ എന്നും ചോദിച്ചു.

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ 2020 ഒക്ടോബര്‍ 19നാണ് പരാതിക്കാരി പ്രസവിക്കുന്നത്. എന്നാല്‍ തന്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയും ചേര്‍ന്ന് നാലാം ദിവസം കുഞ്ഞിനെ തന്നില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്നും, തന്റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമാണ് അനുപമ ഹരജിയില്‍ പറയുന്നത്. ആശുപത്രി റജിസ്റ്ററിലും ജനനസര്‍ട്ടിഫിക്കറ്റിലും കുഞ്ഞിന്റെ വിവരങ്ങള്‍ തെറ്റായാണ് നല്‍കിയിട്ടുള്ളതെന്നും ഹരജിയിലുണ്ട്.

അനുപമയുടെ പരാതിയിലെ സത്യാവസ്ഥ കണ്ടെത്തുന്നതിന് ഡിഎന്‍എ പരിശോധന നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് തിരുവനന്തപുരം കുടുംബകോടതി ഇന്നലെ നിര്‍ദശം നല്‍കിയിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 20ന് ഇതിന്റെ ഫലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്

Facebook Comments Box

Spread the love