Sat. May 4th, 2024

രാജ്യസഭയിലേക്ക് ജോസ് കെ മാണി സ്ഥാനാർത്ഥിത്വം സ്വികരിച്ചതെന്തിന്….

By admin Nov 10, 2021 #news
Keralanewz.com

ജയകൃഷ്ണൻ പുതിയേടത്ത്

വാരവിചാരം (പ്രതിവാര പംക്തി)

രാജ്യസഭയിലേക്ക് ജോസ് കെ മാണി വീണ്ടും..? അതാണല്ലോ ഇപ്പോഴത്തെ ചർച്ചാവിഷയം ജോസ് കെ മാണി സ്വമേധയാ ഒരിക്കൽ രാജിവെച്ച പദവി ഇടതുമുന്നണിയുടെ ഐക്യകണ്ഠേനയുള്ള പിന്തുണയോടുകൂടി വീണ്ടും ഏറ്റെടുക്കുക എന്നുള്ളത് കാലിക പ്രസക്തിയുള്ള രാഷ്ട്രീയ നയത്തിന്റെ ഭാഗമാണ്.എന്തിനാണ് ഇപ്പോൾ ഇങ്ങനെ ഒരു നീക്കത്തിന് രാഷ്ട്രീയ നീക്കങ്ങളിൽ അവധാനതയോടെ പക്വതയോടെ തീരുമാനമെടുക്കുന്ന ജോസ് കെ മാണി തയ്യാറായതെന്ന് ഒരു പക്ഷേ കേരളീയസമൂഹം വീക്ഷിക്കുന്നുണ്ടാകും


    രാഷ്ട്രീയ നിരീക്ഷകരും വലത്   സംഘപരിവാർ അനുകൂല മാധ്യമ നിരീക്ഷകരും.അൽപം വിയോജിപ്പോടെ തീരുമാനത്തെ കാണുന്നുണ്ടാകും.ഇടതുപക്ഷ നിരീക്ഷകരും കേരള കോൺഗ്രസ് എം ആഭിമുഖ്യമുള്ളവരും കേരളത്തിലെ ക്രൈസ്തവ സഭയും തീരുമാനത്തെ പിന്തുണയ്ക്കുകയും സ്വാഗതം ചെയ്യുകയുമാണ്.മധ്യകേരള രാഷ്ട്രീയം എപ്പോഴും കേരള കോൺഗ്രസിനെ ചുറ്റിപ്പറ്റി ചലിക്കപ്പെടുന്നു എന്നതാണ് കാരണം.ഒരു രാഷ്ട്രീയ നേതാവിനെയും രാഷ്ട്രീയ പ്രസ്ഥാനത്തെയും എപ്പോഴും കരുത്തുറ്റതാക്കുന്നതും പ്രസക്തമാക്കുന്നതും അധികാരവും ആൾബലവുമാണ്.ജനാധിപത്യവ്യവസ്ഥിതിയിൽ അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുവാൻ ഒരാൾക്കും കഴിയുകയില്ല

ജോസ് കെ മാണിയും അദ്ദേഹത്തിൻറെ പാർട്ടിയും വ്യത്യസ്തരുമല്ലാ.അധികാര രാഷ്ട്രീയത്തിൽ നിന്നും അകന്നു നിൽക്കുമ്പോൾ കേരള കോൺഗ്രസ് പോലുള്ള പാർട്ടികൾക്ക് തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങൾക്കും പ്രത്യേകിച്ച് കേരള ക്രൈസ്തവസഭയ്ക്കും ഗുണകരമായി ഒന്നും ചെയ്യുവാൻ കഴിയുകയില്ല എന്നുള്ളതാണ് വസ്തുത

അഞ്ച് വർഷത്തിലധികം കേരള രാഷ്ട്രീയത്തിൽ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ അധികാര രാഷ്ട്രീയത്തിൽ നിന്നും അകന്നു നിന്ന് ഒരു നേതാവും പാർട്ടിയും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുതതുടർച്ചയായി പത്തു വർഷം തുടർ ഭരണം കിട്ടുന്ന ആദ്യ സംഭവമാണ് കേരളത്തിൽപിണറായി സർക്കാരിന്റേത്.വലതു പക്ഷ ജനാധിപത്യ മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിനെയും ഘടകകക്ഷികളിൽ പ്രമുഖമായ സ്ഥാനം അലങ്കരിക്കുന്ന  കേരളത്തിൻറെ മലബാർ മേഖലയിൽ കാര്യമായ അടിത്തറയുള്ള മുസ്‌ലിംലീഗിനെ പോലും അധികാരത്തിന്റെ ഇടനാഴിയിൽ നിന്നുള്ള  അകൽച്ച തെല്ലൊന്നുമല്ല നൊമ്പരപ്പെടുത്തുന്നത്

കേരള കോൺഗ്രസ് ജോസഫ്, ജേക്കബ് വിഭാഗങ്ങളും ആർഎസ്പി, സിഎംപി പോലുള്ള ഈർക്കിൽ പാർട്ടികളും ഗുരുതരമായ ഉൾപ്പാർട്ടി പ്രതിസന്ധിയെ നേരിടുകയാണ്. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് അധികാരവും അതുമൂലം അനുഭവിക്കുന്ന പവർ പൊളിറ്റിക്സും രാഷ്ട്രീയപാർട്ടിക്ക് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതിജീവനത്തിന് അത്യാവശ്യം തന്നെയാണ്.ജോസ് കെ മാണി എന്ന രാഷ്ട്രീയ നേതാവ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് ഇതിന്റെ പശ്ചാത്തലത്തിൽ ആകും എന്നുള്ള കാര്യത്തിൽ സംശയമില്ല

ഇനി മറ്റൊരു ചിന്ത പി.കെ.കുഞ്ഞാലിക്കുട്ടിക്കും, അന്തരിച്ച എം പി വീരേന്ദ്ര കുമാറിനും മകനായ ശ്രേയാംസ്കുമാറിനും ഒന്നും കേരളത്തിലെ പൊതുസമൂഹവും മാധ്യമ നിരീക്ഷകരും ഉയർത്തി വിടാത്ത അസ്പൃശ്യത ജോസ് കെ മാണിക്ക് മാത്രമായി ഉണ്ടെന്ന് കരുതാനും വയ്യ.പിന്നെ ജോസ് കെ മാണി എന്ന ഒരു വ്യക്തി മാത്രം മക്കൾ രാഷ്ട്രീയത്തിന്റെ ഏക ഐക്കണായി പ്രചരിപ്പിക്കുന്ന സംവിധാനവും ശരിയല്ല. എത്രയോ പ്രഗൽഭരായ ആളുകൾ രാഷ്ട്രീയ നേതാക്കന്മാരുടെ മക്കളായി കടന്നു വന്ന് കഴിവ് തെളിയിച്ചിട്ടുണ്ട്.പക്ഷേ പലപ്പോഴും  കേരളരാഷ്ട്രീയത്തിലെ വിധികർത്താക്കൾ എന്ന് മേന്മ നടക്കുന്ന മാധ്യമ പുംഗവൻമാർ ജോസ് കെ മാണി മാത്രമാണ് ഇങ്ങനെ രാഷ്ട്രീയത്തിൽ വന്നത് എന്ന് വിചാരിച്ച് ഒരു മര്യാദയും ഇല്ലാതെ ആക്രമിക്കുന്ന ശൈലി ഇപ്പോഴും പിന്തുടരുന്നുണ്ട്

കാൽ നൂറ്റാണ്ടിലേറെയുള്ള അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രവർത്തന ജീവിതത്തിൽ കന്നിയങ്കത്തിൽ  ലോകസഭയിലേക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് തോൽവി  ഏറ്റു വാങ്ങിയതാണ്.അതിനുശേഷം കോട്ടയത്ത് നിന്ന് രണ്ടുവട്ടം മികച്ച ഭൂരിപക്ഷത്തിൽ അതും റിക്കാർഡ് ഭൂരിപക്ഷത്തിൽ ലോകസഭാംഗമായും പിന്നീട് രാജ്യസഭയിലേക്കും തെരഞ്ഞെടുത്തിട്ടുണ്ട്.ആ കാലയളവിൽ അദ്ദേഹത്തിൻറെ പ്രവർത്തനം സംബന്ധിച്ച മികച്ച അഭിപ്രായമാണ് എല്ലാവർക്കും ഉണ്ടായിരുന്നത്.പാർലമെൻറ് അംഗം എങ്ങനെ ജനോപകാരപ്രദമായി പെരുമാറണമെന്നതിന്റെ  റോൾമോഡൽ ആയിരുന്നു ജോസ് കെ മാണി.രാജ്യസഭയിലേക്ക് ധൃതികൂട്ടി  പോയതിന്റെ കാലികപ്രസക്തി  കേരള കോൺഗ്രസ് എമ്മിൽ ഉണ്ടായ അധികാര വടംവലിയിൽ ജോസ് കെ മാണിയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിന്നു.കോടതിയിൽ നിന്നും ഉണ്ടായ അനുകൂല വിധികൾ ന്യായീകരിക്കപ്പെടുന്നു

വലതുപക്ഷ രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ കോൺഗ്രസിൻറെ ഇച്ഛയ്ക്കൊത്ത് പ്രവർത്തിക്കുവാൻ വിധിക്കപ്പെടുകയും പ്രതികരിച്ചാൽ കെ എം മാണിക്ക് നേരിട്ട് പോലുള്ള ദുരവസ്ഥ സംജാതമാവുകയും ചെയ്യും എന്ന തിരിച്ചറിവ് ജോസ് കെ മാണിക്ക് ഉണ്ടായതാണ് അദ്ദേഹത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചത് എന്ന് ദോഷൈകദൃക്കുകൾ പോലും സമ്മതിക്കും.കാലാവധി പൂർത്തിയാകാതെ ലോകസഭയിൽ നിന്ന് നിയമസഭയിലേക്കും നിയമസഭയിൽ നിന്ന് ലോകസഭയിലേക്കും മത്സരിച്ച തെരഞ്ഞെടുക്കപ്പെട്ട നിരവധി ആളുകൾ കേരളരാഷ്ട്രീയത്തിൽ ഇന്ന് സജീവമായി പ്രവർത്തിക്കുന്നുണ്ട്.ഇതെല്ലാം നാം പരിശോധിക്കുമ്പോൾ രാഷ്ട്രീയത്തിൽ നാളെകളെക്കാൾ കൂടുതൽ പ്രസക്തി ഇന്നുകൾക്കാണ്


ഒരുപക്ഷേ  അന്തരിച്ച കെഎംമാണി  നാളെകളെക്കുറിച്ച് ഓർക്കാതെ ഇന്നിനെക്കുറിച്ച് മാത്രം ഓർത്തിരുന്നെങ്കിൽ അദ്ദേഹം കേരളത്തിൻറെ മുഖ്യമന്ത്രി ആകുമായിരുന്നു. അദ്ദേഹം  കാണിച്ച മടി മൂലം ബാർ കോഴ കേസ് എന്ന് ഇനിയും തെളിയിക്കപ്പെടാത്ത മറ്റൊരു ചാരക്കേസ് പോലുള്ള ഉപജാപക ചതിയുടെ ഇരയായി  മാറ്റപ്പെട്ടു.കേരള രാഷ്ട്രീയം സംസ്ഥാനത്തിന്റെ പിറവിയ്ക്ക് മുൻപ് പോലും മതം, ജാതി, സാമ്പത്തികം, എന്നിവയുടെ പിറകെയാണ് എന്നും സമീപ സംസ്ഥാനങ്ങളെ പോലെ ഇവിടെയും ഇതൊക്കെയാണ് അധികാര കസേരകളിൽ ആരാണ് ഇരിക്കേണ്ടതെന്ന് നിർണയിക്കപ്പെടുന്നത്


അടുത്തകാലത്തെങ്ങും ഇല്ലാത്ത വിധം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതിയിൽ മാധ്യമങ്ങളുടെ ഉപജാപക സംഘം നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു എന്നതാണ് വലിയ ദുഃഖസത്യം.
ജനാധിപത്യത്തിൻറെ നാലു തൂണുകളിൽ ഒന്നാണ് എന്ന് വിവക്ഷിക്കപ്പെടുന്ന മാധ്യമങ്ങൾ തങ്ങളുടെ  മേൽക്കോയ്മ കാണിക്കുവാനും തങ്ങൾക്ക് രാഷ്ട്രീയ അധികാര നിർണയത്തിൽ ശക്തിയുണ്ട് എന്ന് വരുത്തി തീർക്കുവാനും ഇഷ്ടമുള്ളവരെ ,ആജ്ഞാനുവർത്തികളെ അധികാരസ്ഥാനത്ത് പ്രതിഷ്ഠിക്കാനുമുള്ള വ്യഗ്രത അല്പം കൂടുതലായി സമീപകാലങ്ങളിൽ കാണുന്നു എന്നുള്ളത് കേരളീയ സമൂഹത്തിൽ വന്നു ചേർന്ന അപചയമാണ്.എക്കാലവും കെഎം മാണിയും കേരള കോൺഗ്രസും ജോസ് കെ മാണിയും മാധ്യമങ്ങളുടെ അനിഷ്ടക്കാരായി വന്നുചേർന്നു എന്നുള്ളത് പച്ചയായ യാഥാർത്ഥ്യമായി മാത്രമേ നമുക്ക് കാണുവാൻ  കഴിയു

മാധ്യമങ്ങളുടെ കരചരണ പരിചരണം ഏറ്റുവാങ്ങിയ പലരും കേരളീയ സമൂഹത്തിൽ കെട്ടിപ്പൊക്കിയ ബിംബങ്ങളായി ഇപ്പോഴും നിലകൊള്ളുന്നുണ്ട്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വി എസ് അച്യുതാനന്ദനും ഈയൊരു ലാളന അനുഭവിച്ചവരിൽ ചിലരാണ് എന്ന് പറയാതെ വയ്യ.മാധ്യമങ്ങളുടെ കോപത്തിന് ഇരയായി മാറിയ കെ കരുണാകരനും കെ എം  മാണിയും പൊതുസമൂഹത്തിൽ അനുഭവിച്ച മാനസിക വ്യഥയും പീഡനവും അവരർഹിക്കുന്നതായിരുന്നോ എന്നുള്ളത്  കേരള സമൂഹം പുന പരിശോധന നടത്തുന്നത് നന്നായിരിക്കും. മാധ്യമ വേട്ടയെ പ്രതിരോധിച്ചതും ഒരു പരിധിവരെ പിടിച്ചു നിന്നതും കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ അല്ലാതെ മറ്റൊരാളില്ലാ എന്നത് പകൽ പോലെ വ്യക്തം

ചാനൽ ചർച്ചകളിൽ  കോടതിമുറിയിലെ ജഡ്ജിമാരെ പോലെ ഇരുന്ന് ക്രോസ് വിസ്താരം ചെയ്യുന്നവർ അവരുടെ മനസ്സിലെ  കോർപ്പറേറ്റ് വിധേയത്വം  ആവത് മറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കേരളീയസമൂഹം കുറെയൊക്കെ തിരിച്ചറിഞ്ഞു എന്ന് വേണം കരുതാൻ. പക്ഷേ കേരളത്തിലെ മധ്യ നിരയിലുള്ള കുടുംബങ്ങളുടെ അഭിപ്രായത്തെ തങ്ങൾക്ക് ഉദ്ദേശിക്കുന്ന വിധത്തിൽ അനുകൂലമാക്കി മാറ്റുവാൻ മാധ്യമ പ്രഭുത്വർക്ക് കഴിഞ്ഞു  എന്നത് യാഥാർത്ഥ്യം തന്നെയാണ്.ഒരുപക്ഷേ  ജോസ് കെ മാണിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനവും മധ്യ കേരള രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കുവാൻ പോന്നവർ ആണെന്ന തോന്നൽ കേരളീയ മാധ്യമ തമ്പുരാക്കന്മാർക്ക് അനിഷ്ടം ഉണ്ടാക്കിയിട്ടുണ്ടാകും

കേരള കോൺഗ്രസും അത് പ്രതിനിധാനം ചെയ്യുന്ന  കർഷക രാഷ്ട്രീയവും, കത്തോലിക്കാ,നായർ, വിഭാഗങ്ങളും കേരളീയ രാഷ്ട്രീയത്തിൽ ചുക്കാൻ പിടിക്കുന്നത്. ഇടത് വലത് മുന്നണിയുടെ രാഷ്ട്രീയ സഹയാത്രികരായ ബുദ്ധിജീവികൾ എന്ന് സ്വയം നടിക്കുന്നവർക്ക് അതൃപ്തി ഉണ്ടാക്കിയത് അടുത്ത കാലത്ത് മാത്രമല്ല,കേരള കോൺഗ്രസിൻറെ പിറവി തൊട്ട് തുടങ്ങിയ പിളർപ്പുകളുടെ ചരിത്രവും പി.ടി ചാക്കോയേയും കെഎം മാണിയേയും വ്യക്തിഹത്യ ചെയ്യുവാൻ  സ്വീകരിച്ച മാർഗ്ഗങ്ങളും നല്ല നിദർശനങ്ങളാണ്

കേരള രാഷ്ട്രീയത്തെ തുറന്ന് മനസ്സോടുകൂടി പഠിക്കാൻ പരിശ്രമിക്കുന്ന ഏതൊരാൾക്കും ജോസ് കെ മാണി സ്വീകരിച്ച നിലപാടിനോട് ആഭിമുഖ്യമാണ് തോന്നുക.കൂടെ നിർത്തി  തളർത്തുവാനും തകർക്കുവാനും ക്ഷീണിപ്പിക്കാനും കരുക്കൾ നീക്കിയ വല്യേട്ടൻമാർക്ക് ഇടയിലൂടെ അനിതരസാധാരണമായ മെയ് വഴക്കത്തിലൂടെ ഒഴിഞ്ഞു മാറി താൻ ഉയർത്തിയ   ചിന്താധാരകളെ, വലതുപക്ഷ രാഷ്ട്രീയത്തോട് എന്നും എക്കാലവും ആഭിമുഖ്യം പുലർത്തിയ അണികളെയും അതിനെ സപ്പോർട്ട് ചെയ്യുന്ന മതപരമായ കെട്ടുപാടുകളേയും ചേർത്തുപിടിച്ച് തൻറെ പ്രസ്ഥാനത്തിനും തന്റെ അണികൾക്കും  അത്ര പരിചയമില്ലാത്ത ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ലാവണത്തിലേക്ക് കാര്യമായ ചോർച്ച ഇല്ലാതെ കൊണ്ടെത്തിക്കുക എന്നുള്ള വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ച നേതാവാണ് ജോസ് കെ മാണി

കപ്പൽ കരയ്ക്കടിപ്പിയ്ക്കുവാൻ വേണ്ടി പ്രതിസന്ധികളെ അതിജീവിക്കാൻ വെല്ലുവിളികളെ  നേരിട്ട് മുന്നേറിയപ്പോൾ കപ്പിത്താന് ഏറ്റ നിസ്സാര പരിക്കായി മാത്രമേ പാലാ തോൽവിയെ കാണുവാൻ കഴിയു. പാലയിലെ രാഷ്ട്രീയം എന്നും അങ്ങനെ തന്നെയാണ് മാണി വിരുദ്ധ രാഷ്ട്രീയവും മാണി അനുകൂല രാഷ്ട്രീയവും.ഇടതുപക്ഷം എന്നോ വലതുപക്ഷം എന്നോ സംഘപരിവാർ എന്നോ ഇല്ല. ഒരു പക്ഷം മാത്രം
 മാണി വിരുദ്ധതയും മാണി അനുകൂല രാഷ്ട്രീയവും. കെഎം മാണി എന്ന ജനകീയനായ നേതാവ് എന്നും മാണിപക്ഷ നിലപാടുകളിൽ വിജയംവരിച്ചിട്ടുണ്ട്

ജോസ് കെ മാണി തന്റെ കൂടെ ഉള്ളവരെ ലക്ഷ്യത്തിൽ എത്തിച്ചിട്ട് പരാജയമാണെന്ന് അറിഞ്ഞു കൊണ്ട്  മത്സരിച്ചു പോരാടിയ വ്യക്തിയാണ്. ജോസ് കെ മാണിയെ എങ്ങനെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വളഞ്ഞ വഴിയിലൂടെ എന്നുപറയാവുന്ന വിധത്തിൽ കെപിസിസി പ്രസിഡണ്ട് ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ പോലും ധിക്കരിച്ചുകൊണ്ട് മാണി സി കാപ്പന് യുഡിഎഫിൽ അംഗത്വം നൽകിയത്. ഒരുപക്ഷേ ഇന്നവർ  അക്കാര്യത്തിൽ പശ്ചാത്തപിക്കുന്നുണ്ടാവും കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിൽനിന്നും പുറത്താക്കുവാൻ കാണിച്ച ധൃതി അനവസരത്തിൽ ആയെന്ന് അവർ ഓർക്കുന്നുണ്ടാവും

ജോസ് കെ മാണിയുടെ പ്രായവും കെഎം മാണിയെ അനുസ്മരിപ്പിക്കുന്ന  കർമ്മകുശലതയും വലതുപക്ഷ മുന്നണിക്ക് വെല്ലുവിളി തന്നെയാണ്കേരളരാഷ്ട്രീയത്തിൽ ഇത്രയും പ്രതിസന്ധികളെ അതിജീവിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഈ കുറഞ്ഞ പ്രായത്തിൽ മറ്റൊരാൾ ഉണ്ടാവില്ല.കാൽ നൂറ്റാണ്ടിലേറെയുള്ള രാഷ്ട്രീയ പ്രവർത്തന ജീവിതത്തിൽ മാധ്യമങ്ങളുടെ പരിഗണനയോ പ്രോത്സാഹനമോ ഒരിക്കൽപോലും ഏറ്റു വാങ്ങിയിട്ടില്ല.അതിനാൽ ജോസ് കെ മാണി എന്ന രാഷ്ട്രീയ നേതാവ് പരാജയത്തിലും വിജയം വരിച്ചു എന്നുള്ളതാണ് ശരിഇപ്പോൾ എടുത്ത രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും വലിയൊരു ശരി മറഞ്ഞുകിടക്കുന്നുണ്ട്

അദ്ദേഹത്തിൻറെ തോൽവി പാലായുടെ നഷ്ടവും കേരളത്തിൻറെ അധികാര രാഷ്ട്രീയത്തിന്റെ ശാക്തിക മേഖലയിൽ കേരള കോൺഗ്രസിനും അതുവഴി  കേരള കത്തോലിക്കാസഭയ്ക്കും   അപരിഹാരമായ നഷ്ടവുമാണ് ഉണ്ടാക്കിയത്.അത് തുടരുവാൻ  കേരളത്തിലെ കത്തോലിക്കാസഭയും കേരള കോൺഗ്രസിനെ സ്നേഹിക്കുന്ന ഒരാളും ആഗ്രഹിക്കുന്നില്ല എന്ന് വേണം കരുതാൻ. അവരുടെ സമ്മർദ്ദം കൊണ്ട് കൂടിയാവണം ഒരുപക്ഷേ പൂർണമനസ്സോടെ അല്ലെങ്കിലും ജോസ് കെ മാണി ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് വിലയിരുത്തുവാൻ

Facebook Comments Box

By admin

Related Post