Fri. Apr 19th, 2024

മുല്ലപ്പെരിയാര്‍ മരംമുറി: ഉത്തരവിറക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

By admin Nov 11, 2021 #news
Keralanewz.com

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമില്‍ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാന വനം വകുപ്പ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച ഉണ്ടായെന്നുള്ള റിപ്പോര്‍ട്ട് പ്രകാരമാണു നടപടി.

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് അരികെയുള്ള പാട്ട ഭൂമിയിലെ 15 മരങ്ങളും കുറ്റിച്ചെടികളും തൈകളും മുറിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിര്‍ണായക വിഷയം ഉദ്യോഗസ്ഥര്‍ സര്‍ക്കാരുമായി ആലോചിച്ചില്ലെന്നും സംസ്ഥാനത്തിന്റെ താത്പര്യം പരിഗണിക്കാതെയാണ് ഉത്തരവിറക്കിയതെന്നുംമന്ത്രിസഭ വിലയിരുത്തി. ഉത്തരവ് കേന്ദ്ര വനം, പരിസ്ഥിതി നിയമത്തിന് വിരുദ്ധമെന്നും യോഗം നിലപാടെടുത്തു.

ബേബി ഡാം ബലപ്പെടുത്താന്‍ പരിസരത്തെ 15 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനു കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാന വനം വകുപ്പ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് പുറപ്പെടുവിച്ച ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഉത്തരവിറക്കിയതില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയനു തമിഴ്‌നാട് മുഖ്യമന്ത്രി കത്തയച്ചപ്പോഴാണു വിവരം പുറത്തറിഞ്ഞത്.

ഈ മാസം ഒന്നിനു ജലവിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് ചേംബറില്‍ വിളിച്ച യോഗത്തിലാണു മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത്. യോഗത്തിലെ നടപടിക്രമങ്ങള്‍ ഉത്തരവായി ഈ മാസം 5നു ബെന്നിച്ചന്‍ തോമസ് പുറത്തിറക്കി. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി കൂടിയായ ടി കെ ജോസിനും വനം വന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയ്ക്കും അന്നുതന്നെ ഇതേക്കുറിച്ചു ബെന്നിച്ചന്‍ കത്തും നല്‍കിയിരുന്നു.

തമിഴ്‌നാട് ജലവിഭവ വകുപ്പിലെ കമ്പം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച അപേക്ഷയില്‍, മരങ്ങള്‍ മുറിച്ചുനീക്കാനുള്ള അനുമതി കേന്ദ്ര നിയമങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ക്ലിയറന്‍സ് ലഭ്യമാക്കാതെയാണ് പുറപ്പെടുവിച്ചിട്ടുള്ളത്

Facebook Comments Box

By admin

Related Post