Thu. Apr 18th, 2024

പ്രതാപന്‍ മദ്യപാനിയാണെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ പറ്റില്ല: പിന്തുണയുമായി അനില്‍ അക്കര

By admin Nov 13, 2021 #anil akkara #tn prathapan
Keralanewz.com

കൊച്ചി: ടി എന്‍ പ്രതാപന്‍ എം.പി മദ്യപിച്ച്‌ പാര്‍ട്ടിയില്‍ പങ്കെടുത്തെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയെകുറിച്ച്‌ പ്രതികരണവുമായി മുന്‍ എം എല്‍ എ അനില്‍ അക്കര രംഗത്തെത്തി.

‘ പ്രതാപേട്ടനുമായി രാഷ്ട്രീയ വിഷയങ്ങളില്‍ യോജിപ്പും വിയോജിപ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതാപന്‍ മദ്യപാനിയാണെന്ന് പറഞ്ഞാല്‍, അത് വിശ്വസിക്കാന്‍ പറ്റില്ല. അത് കല്ലുവെച്ച നുണയാണ്. ഈ വിഷയത്തില്‍ പ്രതാപനൊപ്പം’- അനില്‍ അക്കര ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

ടി എന്‍ പ്രതാപന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രവും അനില്‍ അക്കര പോസ്റ്റിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതായാലും അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ രസകരമായ നിരവധി കമന്‍റുകളാണ് ഇതേ കുറിച്ച്‌ വരുന്നത്… ചില കമന്‍റുകളിലേക്ക്…’നാട്ടുകാരെ മൊത്തം വിളിച്ചു അറിയിച്ചപ്പോ സമാധാനം ആയില്ലേ. അച്ഛന്‍ പത്തായത്തില്‍ ഇല്ല എന്ന് പറയാന്‍ പറഞ്ഞു എന്ന അവസ്ഥയായി’- എന്നാണ് ഒരാള്‍ കമന്‍റിട്ടത്.

‘കൂട്ടുകാരായാ ഇങ്ങനെ വേണം. എല്ലാരും ഒന്ന് മറന്ന് വരുവാരുന്നു’- എന്നാണ് മറ്റൊരു കമന്‍റ്. അതേസമയം തനിക്കെതിരെ നടക്കുന്ന ആരോപണങ്ങളില്‍ ഡിജിപിക്ക് പരാതി നല്‍കി ടി എന്‍ പ്രതാപന്‍ എംപി. ഇത് പ്രചരിപ്പിച്ചവരടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ ഇതാഘോഷിച്ചവരും എന്റെ സാമൂഹ്യ മാധ്യമ ഇടങ്ങളില്‍ സൈബര്‍ ബുള്ളിയിങ് നടത്തിയവര്‍ വരെയുള്ള മുഴുവന്‍ ആളുകള്‍ക്കും വേറെ വേറെ പരാതികള്‍ നല്‍കി വരികയാണ്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച പരാതി ഡി ജി പിക്കും ആഭ്യന്തര സെക്രട്ടറിക്കും നല്‍കി.

ഈ വീഡിയോ ആദ്യമായി പ്രചരിപ്പിച്ച അനി പൂജപ്പുര എന്ന അക്കൗണ്ട് അടക്കമുള്ള അക്കൗണ്ടുകള്‍ ഈ പോസ്റ്റ് ഇപ്പോള്‍ കളഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് കാണുന്നു. ഇത് ഷെയര്‍ ചെയ്തവര്‍ മുതല്‍ ഏതെങ്കിലും തരത്തില്‍ ആഘോഷിച്ച എല്ലാവര്‍ക്കും നടപടി നേരിടേണ്ടി വരുമെന്നും ടി എന്‍ പ്രതാപന്‍ വ്യക്തമാക്കി. പലരും ഫേക്ക് ഐഡികള്‍ ഉപയോഗിച്ചാണ് അവരവരുടെ സംഘടനാ സംസ്‌കാരം കാണിക്കുന്നത്. പലരുടെയും ഐ പി അഡ്രസുകള്‍ ഇന്ത്യക്ക് പുറത്താണെന്നും മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post