കുടുംബത്തിന്‌ ക്ഷേത്രവിലക്കും ഭീഷണിയും ; പിന്നില്‍ ബിജെപി, ആര്‍എസ്‌എസ്‌ നേതൃത്വം

Keralanewz.com

കോഴിക്കോട്
ബിജെപി വിട്ട് സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കുടുംബത്തിന് ഭീഷണിയും ക്ഷേത്രത്തില്‍ വിലക്കും.

വെള്ളയില്‍ തൊടിയില്‍ ‘കാവ്യാസ്മിത’ത്തില്‍ ഷിന്‍ജുവും കുടുംബവുമാണ് ആര്‍എസ്‌എസ്–-ബിജെപി പ്രവര്‍ത്തകരുടെ അതിക്രമങ്ങളും ഭീഷണിയും നേരിടുന്നത്. ആര്‍എസ്‌എസ് നിയന്ത്രിക്കുന്ന അരയ സമാജത്തിനു കീഴിലെ തൊടിയില്‍ ഭഗവതി ക്ഷേത്രത്തില്‍ ശബരിമലയ്ക്ക് പോകാനായി കെട്ടുനിറയ്ക്കാനും ഷിന്‍ജുവിനെ വിലക്കി.

രണ്ടുവര്‍ഷം മുമ്ബാണ് ഷിന്‍ജുവും സഹോദരന്മാരായ മഹേഷ്, ഉണ്ണി എന്നിവരും സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് ആര്‍എസ്‌എസ്–-ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് നിരന്തരം ശല്യപ്പെടുത്തല്‍. അമ്ബലക്കമ്മിറ്റി അംഗമായിട്ടും കെട്ടുനിറയ്ക്കാന്‍ അനുവദിക്കുന്നില്ല. ക്ഷേത്രത്തിലെ ശാന്തിക്കാരനോട് അന്വേഷിക്കുമ്ബോള്‍ കമ്മിറ്റി തീരുമാനമാണിതെന്നായിരുന്നു മറുപടി.
തൊടിയില്‍ ബീച്ചില്‍ ഷിന്‍ജുവിന്റെ ബങ്കിനു സമീപം ഷഡ് കെട്ടി കച്ചവടം മുടക്കാനും ശ്രമമുണ്ട്. കട തുറക്കാന്‍ പോയ ജ്യേഷ്ഠന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ച്‌ അസഭ്യം പറയുകയുണ്ടായി. ആര്‍എസ്‌എസ് മുന്‍ ശാഖാ മുഖ്യശിക്ഷക് നിമോഷ് വീട്ടിലെത്തി സ്ത്രീകളെ കൈയേറ്റം ചെയ്യുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായി ഷിന്‍ജു പറഞ്ഞു. ഇതിനെതിരെ വെള്ളയില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നും ഇവര്‍ പറഞ്ഞു.

ആര്‍എസ്‌എസുകാര്‍ കൂടുതലുള്ള മേഖലയില്‍ നിന്ന് ഈ കുടുംബം സിപിഐ എമ്മിലേക്ക് വന്നതും മത്സ്യത്തൊഴിലാളി യൂണിയനി(സിഐടിയു) ലേക്ക് നിരവധി പേര്‍ ചേര്‍ന്നതുമാണ് ശത്രുതയ്ക്കു കാരണമെന്ന് ഷിന്‍ജു പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ശബരിമലക്ക് പോകേണ്ടതിനാല്‍ ഞായറാഴ്ച മറ്റൊരു ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറയ്ക്കാനുള്ള ആലോചനയിലാണ് ഷിന്‍ജു.

Facebook Comments Box