Fri. Apr 26th, 2024

മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയാക്കി മലയിറങ്ങി ഭക്തര്‍; മകരവിളക്ക് ജനുവരി 14ന്

By admin Dec 27, 2021 #sabarimala
Keralanewz.com

മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു. തീര്‍ഥാടകര്‍ മലയിറങ്ങി. രാവിലെ 10ന് നെയ്യഭിഷേകം പൂര്‍ത്തിയാക്കി.

മണ്ഡലപൂജയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 25 കലശാഭിഷേകത്തിനു ശേഷം വിശേഷാല്‍ കളഭാഭിഷേകം നടന്നു. 11.50നും 1.15നും ഇടയിലെ മീനം രാശി മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ തങ്കഅങ്കി ചാര്‍ത്തി മണ്ഡലപൂജ നടന്നപ്പോള്‍ പൂങ്കാവനമാകെ ശരണഘോഷങ്ങളായിരുന്നു. ആത്മനിര്‍വൃതിയുടെ പൊന്‍കിരണങ്ങള്‍ ഏറ്റുവാങ്ങാന്‍ ആയിരങ്ങളാണു കാത്തുനിന്നത്.

ശരണ വഴികളെ ഭക്തി സാഗരത്തില്‍ ആറാടിച്ചാണു തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തേക്കു മല കയറി എത്തിയത്. മന്ത്രി കെ.രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍, അംഗങ്ങളായ മനോജ് ചരളേല്‍, പി.എം. തങ്കപ്പന്‍, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, എഡിജിപി എസ്.ശ്രീജിത്ത്, സ്പെഷല്‍ കമ്മിഷണര്‍ എം. മനോജ്, എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവര്‍ മണ്ഡലപൂജ ദര്‍ശിച്ചു.

അത്താഴപൂജയ്ക്കു ശേഷം മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്ബൂതിരി അയ്യപ്പ വിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തി. ജപമാലയും മുദ്രവടിയും ചാര്‍ത്തി ധ്യാന നിരതനാക്കി രാത്രി 10ന് നട അടച്ചു. ഇനി മകരവിളക്കിനായി 30ന് വൈകിട്ട് അഞ്ചിനു നട തുറക്കും. ഇത്തവണത്തെ മകരവിളക്ക് ജനുവരി 14ന്. മകരവിളക്ക് തീര്‍ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20ന് ക്ഷേത്ര നട അടയ്ക്കും.

Facebook Comments Box

By admin

Related Post