Fri. Apr 19th, 2024

വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസം: തുണിക്കും ചെരിപ്പിനും നികുതി കൂട്ടില്ല, തീരുമാനം മാറ്റി

By admin Dec 31, 2021 #news
Keralanewz.com

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് (Central Budget) മുന്നോടിയായി ന്യൂഡല്‍ഹിയിൽ ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍ (GST Coucil) യോഗത്തിൽ നികുതി വർധനയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനം. തുണിത്തരങ്ങൾക്കും ചെരിപ്പിനും വില വർധിപ്പിക്കാനുള്ള തീരുമാനം ഇപ്പോൾ നടപ്പാക്കില്ല. ഇത് നടപ്പിലാക്കുന്നത് മാറ്റിവെക്കാനാണ് സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് തീരുമാനിച്ചത്

46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ കേരളം അടക്കം നിരവധി സംസ്ഥാനങ്ങൾ നികുതി വർധനയ്ക്കെതിരെ നിലപാടെടുത്തിരുന്നു. ജി എസ് ടി കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ഇതോടെയാണ് ചെരുപ്പുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് വർദ്ധിപ്പിച്ച നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരുത്തേണ്ടെന്ന തീരുമാനം. അടിയന്തരമായി  വിളിച്ച് ചേർത്ത ജിഎസ്ടി കൗൺസിൽ യോഗം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ  വിഗ്യാൻ ഭവനിലാണ് ചേരുന്നത്. ചെരുപ്പുകൾക്കും വസ്ത്രങ്ങൾക്കും വർദ്ധിപ്പിച്ച 12 ശതമാനം നികുതി നാളെ മുതൽ നിലവിൽ വരാനിരിക്കെയാണ് ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീരുമാനം.

നികുതി 12 ശതമാനമായി  വർദ്ധിപ്പിച്ച തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.  വർദ്ധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഈ വിഷയത്തിൽ സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടന്നിരുന്നു. നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കു വില കൂടുമെന്നതിനാൽ പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികളുടെ വാദം

സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വസ്ത്ര വ്യാപാരികളാണ് ജിഎസ്ടി പരിഷ്ക്കാരം മൂലം പ്രതിസന്ധി നേരിടാന്‍ പോകുന്നതെന്നായിരുന്നു വ്യാപാരികൾ പറയുന്നത്. ഇവരെ ആശ്രയിച്ച് കഴിയുന്ന രണ്ടുലക്ഷം കുടുംബങ്ങളും പട്ടിണിയിലാകും. 75 വര്‍ഷമായി തുണിത്തരങ്ങള്‍ക്ക് ഇങ്ങനെയൊരു നികുതി ചുമത്തിയിട്ടില്ല. ഇതൊഴിവാക്കാൻ സംസ്ഥാന സർക്കാർ ജിഎസ്ടി കൗൺസിലിൽ ആവശ്യപ്പെടണമെന്നും വ്യാപാരികൾ പറഞ്ഞിരുന്നു. അതേസമയം, ജിഎസ്ടി നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കണമെന്നും നഷ്ടപരിഹാര കാലാവധി അഞ്ച് വർഷത്തേയ്ക്ക് കൂടി നീട്ടണമെന്നും കൗൺസിൽ യോഗത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെടും

Facebook Comments Box

By admin

Related Post