വനിതാ സംവരണം പുലിവാലാകുമോ? ഭാര്യയെയും പെൺമക്കളെയും രാഷ്ട്രീയത്തിൽ സജീവമാക്കുവാൻ പല എം എൽ എ മാരുടെയും ശ്രമം
ന്യൂഡൽഹി/ കടുത്തുരുത്തി: പതിറ്റാണ്ടുകളായി മണ്ഡലം കുത്തകയാക്കി വെച്ചിരുന്ന പല എംഎൽഎമാരുടെയും സ്ഥാനങ്ങൾ തെറിക്കുവാൻ വനിതാ സംവരണ ബിൽ കാരണമാകും. അതുകൊണ്ടുതന്നെ വനിതാ സംഭരണ ബിൽ പാർലമെന്റിൽ പാസായതോടുകൂടി മണ്ഡലങ്ങൾ കുത്തകയാക്കി വച്ചിരുന്ന ചില എംഎൽഎമാരുടെ ചങ്കിടിപ്പ് കൂടി. ഒരിക്കൽ വിജയിച്ചു കയറിയാൽ പിന്നീട് കസേര ഒഴിഞ്ഞു കൊടുക്കാത്ത നേതാക്കൾക്കാണ് ചങ്കിടിപ്പ് കൂടിയത്. ഏതുവിധേനയും കസേര നിലനിർത്തുന്നതിന്റെ ഭാഗമായി ഭാര്യയെയും പെൺമക്കളെയും സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കുവാനാണ് പല നേതാക്കളുടെയും ശ്രമം. ഇത് പാർട്ടിക്കായി വിറകുവെട്ടിയും വെള്ളം കോരിയും കഷ്ടപ്പെടുന്ന മറ്റു നേതാക്കൾക്കിടയിൽ പ്രതിസന്ധി സൃഷ്ടിക്കും എന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. എന്നും പോസ്റ്റർ ഒട്ടിക്കുവാനും മുദ്രവാക്യം വിളിക്കുവാനും മാത്രമായി വിധിക്കപ്പെട്ട അണികൾ ഇതിനെതിരെ എങ്ങനെ പ്രതികരിക്കുമെന്നാണ് കാത്തിരുന്നു കാണേണ്ടത്.