National NewsReligion

മാര്‍പ്പാപ്പയെ ഇന്ത്യയിലെത്തിക്കുമെന്ന് സഭാധ്യക്ഷന്‍മാര്‍ക്ക് ഉറപ്പ് നല്‍കി മോദി; മണിപ്പൂരിനെക്കുറിച്ച്‌ പരാമര്‍ശിച്ചില്ല

Keralanewz.com

ന്യൂഡല്‍ഹി:ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭാ മേലധ്യക്ഷന്മാർ അറിയിച്ചു.

രാഷ്ട്രീയപരമായ കാര്യങ്ങളോ, മണിപ്പൂര്‍ വിഷയമോ വിരുന്നില്‍ ചര്‍ച്ചയായില്ലെന്നും സഭാധ്യക്ഷന്‍മാര്‍ അറിയിച്ചു.വിരുന്നില്‍ വികസനത്തിന് ക്രിസ്ത്യന്‍ നേതൃത്വത്തിന്റെ പിന്തുണ വേണമെന്ന് മോദി ആവശ്യപ്പെട്ടു. 60 അതിഥികളാണ് ആകെ പങ്കെടുത്തത്. മാര്‍പാപ്പയെ കാണാന്‍ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ നിമിഷം എന്നും മോദി വിരുന്നില്‍ വെച്ച്‌ പറഞ്ഞു.

സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉള്‍പ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ദില്ലിയില്‍ പങ്കെടുത്തത്. ഔദ്യോഗിക വസതിയിലാണ് വിരുന്ന് നടത്തിയത്. ഇതാദ്യമായാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുങ്ങുന്നത്. കേരളം, ദില്ലി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ക്കായിരുന്നു ക്ഷണം. ക്രൈസ്തവ സമുദായത്തിലെ വ്യവസായപ്രമുഖരും വിരുങ്ങില്‍ പങ്കെടുത്തു.

രാജ്യമെമ്പാടും ക്രിസ്മസ് ദിന ആശംസകള്‍ കൈമാറണമെന്ന് പ്രവര്‍ത്തകര്‍ക്ക് ബിജെപി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി വിരുന്നൊരുക്കുന്നത്. തെക്കേ ഇന്ത്യയിലടക്കം ലോക് സഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായത്തോടടുക്കാന്‍ ബിജെപി വലിയ ശ്രമം നടത്തുകയാണ്. കഴിഞ്ഞ കേരള സന്ദര്‍ശനത്തില്‍ കൊച്ചിയില്‍ ക്രൈസ്തവ സഭാധ്യക്ഷന്മാരെ മോദി കണ്ടിരുന്നു. മണിപ്പൂര്‍ കലാപത്തിലൂടെ ക്രൈസ്തവ സമുദായത്തിനുണ്ടായ മുറിവ് ഉണക്കാന്‍ കൂടിയാണ് മോദിയുടെ ശ്രമം.

Facebook Comments Box