Kerala NewsCRIMELocal NewsPolitics

അഭിമന്യു വധക്കേസിലെ നിര്‍ണായക രേഖകള്‍ കാണാതായ സംഭവം: തുടര്‍നടപടികള്‍ ഇന്ന് പരിഗണിക്കും

Keralanewz.com

കൊച്ചി: അഭിമന്യു കേസിലെ രേഖകള്‍ കോടതിയില്‍നിന്ന് കാണാതായ സംഭവത്തില്‍ തുടര്‍നടപടികള്‍ വിചാരണക്കോടതി ഇന്നു പരിഗണിക്കും.11 രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പികള്‍ കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടര്‍ അഡ്വ.

ജി. മോഹന്‍രാജ് കോടതിക്ക് കൈമാറിയിരുന്നു. ഇതിലെ തുടര്‍ നടപടികളാണ് ഇന്ന് പരിഗണിക്കുന്നത്.

2018 ജൂണ്‍ ഒന്നിനാണ് മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ ക്യാന്പസ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയത്.

വിചാരണ തുടങ്ങാനിരിക്കെ കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ആശുപത്രിയിലെ രേഖകള്‍, കാഷ്വാലിറ്റി രജിസ്റ്റര്‍, കസ്റ്റമര്‍ ആപ്ലിക്കേഷന്‍, സൈറ്റ് പ്ലാന്‍, കോളജില്‍ നിന്ന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് നഷ്ടമായത്. രേഖകള്‍ കൈകാര്യം ചെയ്തിരുന്ന കോടതി ജീവനക്കാരില്‍ നിന്നും നഷ്ടപ്പെട്ടതാകാമെന്നാണ് വിലയിരുത്തല്‍.

രേഖകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വിഷയം വിചാരണ കോടതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. രേഖകള്‍ കാണാതായത് സംബന്ധിച്ച്‌ സെഷന്‍സ് കോടതി ഹൈക്കോടതിയെ അറിയിക്കുകയും തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഹൈക്കോടതി രേഖകള്‍ പുനഃസൃഷ്ടിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സെഷന്‍സ് കോടതി പ്രോസിക്യൂഷനോട് നഷ്ടപ്പെട്ട11 രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച്‌ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്.

വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിലെ സുപ്രധാന രേഖകള്‍ നഷ്ടമായത് ദുരൂഹമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അഭിമന്യുവിന്‍റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. രേഖകള്‍ കാണാതായത് പരിശോധിക്കണമെന്ന് മന്ത്രി പി.രാജീവും സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലനും ആവശ്യപ്പെട്ടിരുന്നു.

രേഖകള്‍ കാണാതായ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ യുവ അഭിഭാഷക സമിതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതിയും നല്‍കുകയുണ്ടായി.

Facebook Comments Box