HealthKerala NewsLocal NewsSports

കുറവിലങ്ങാട് മാണികാവിൽ എം.വി.ഐ.പി. വക സ്ഥലത്ത് പൊതുകളിസ്ഥലം നിർമ്മിക്കാൻ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന് സർക്കാർ അനുമതി.

Keralanewz.com

കുറവിലങ്ങാട് : കുറവിലങ്ങാട് മാണികാവില്‍ എം.വി.ഐ.പി. വക സ്ഥലത്ത് പൊതു കളി സ്ഥലം നിര്‍മ്മിക്കാന്‍ അനുമതി നല്കികൊണ്ട് ഗവ. ഉത്തരവായി.
മാണികാവില്‍ പൊതു കളി സ്ഥലം നിര്‍മ്മിക്കുന്നതിന് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിനാണ് ഗവ. അനുമതി നല്കിയത്. കുറവിലങ്ങാട് പഞ്ചായത്ത് പ്രദേശത്ത് സൗകര്യപ്രദമായ പൊതു കളി സ്ഥലങ്ങള്‍ നിലവില്‍ ഇല്ല.
കുറവിലങ്ങാട് പഞ്ചായത്ത് 3-ാം വാര്‍ഡില്‍ മൂവാറ്റുപുഴ ഇറിഗ്രഷന്‍ പദ്ധതിയുടെ ഭാഗമായി തുരങ്കം നിര്‍മ്മിക്കുന്നതിവേണ്ടി ജലസേചന വകുപ്പ് ഏറ്റെടുത്തിരുന്നതും ഇപ്പോള്‍ ഉപയോഗമില്ലാതെ കിടക്കുന്നതുമായ സ്ഥലത്ത് പൊതു കളി സ്ഥലം നിര്‍മ്മിക്കുന്ന ആവശ്യത്തിലേക്ക് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് ഉപയോഗ അനുമതി നല്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവകുപ്പ് മന്ത്രി റോഷി ആഗസ്റ്റിന് ഉഴവൂര്‍ ബ്ലോക്ക് പഞ്ചയത്ത് കുറവിലങ്ങാട് ഡിവിഷന്‍ മെമ്പര്‍ പി.സി. കുര്യന്‍ നിവേദനം നല്കിയിരുന്നു. ജലവിഭവ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എം.വി.ഐ.പി. ഉദ്യേഗസ്ഥര്‍ സ്ഥല പരിശോധന നടത്തി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 73 മീറ്റര്‍ നീളത്തിലും 40 മീറ്റര്‍ വീതിയിലും ഉള്ള സ്ഥലത്തിന്റെ ഉടമസ്ഥ അവകാശം ജലസേചന വകുപ്പ് നിലനിര്‍ത്തിക്കൊണ്ട് കളി സ്ഥലം നിര്‍മ്മിക്കുന്നതിന് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് ഉപയോഗ അനുമതി നല്കിക്കൊണ്ട് ഗവണ്‍മെന്റ് ഉത്തരവ് നല്‍കിയിരിക്കുന്നത്.
മയക്ക് മരുന്നുകളുടെ ഉപയോഗം വ്യപകമാകുന്ന സാഹചര്യത്തില്‍ യുവജനങ്ങളെ കളികളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ജലസേചന വകുപ്പിന്റെ അനുയോജ്യമായ സ്ഥലങ്ങളില്‍ കളി സ്ഥലം നിര്‍മ്മിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥപനങ്ങള്‍ക്ക് അനുമതി നല്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിയന്‍ കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. അത് പ്രകാരമുള്ള ആദ്യത്തെ അനുമതിയാണ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചിരിക്കുന്നത്. ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന കേരള ഗവണ്‍മെന്റിന്റെ പ്രഖ്യാപിത പദ്ധതിയില്‍ ഇതോട് കൂടി കുറവിലങ്ങാടും ഉള്‍പ്പെടും.
കുറവിലങ്ങാട് ടൗണില്‍ മുട്ടുംങ്കല്‍ മുതല്‍ മാണികാവ് വരെയാണ് 3-ാം വാര്‍ഡ് സ്ഥിതി ചെയ്യുന്നത്. കുറവിലങ്ങാട് മാണികാവില്‍ വിശാലമായ കളിസ്ഥലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോട് കൂടി കായിക രംഗത്ത് കുറവിലങ്ങാടിന് ഉണര്‍വ് ആകും.
മാണികാവിലെ കളിസ്ഥല നിര്‍മ്മാണം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷന്‍ വിഹിതമായി 10 ലക്ഷം രൂപയും ചേര്‍ത്താണ് മാണികാവ് കളി സ്ഥലം പദ്ധതി തയ്യറാക്കിയിരിക്കുന്നത്. ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കളി സ്ഥലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി.സി. കുര്യന്‍ അറിയിച്ചു.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍പ്പെടുത്തി 2021-22 വര്‍ഷം കുറവിലങ്ങാട് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ബ്ലോക്ക് പഞ്ചായത്ത് വക സ്ഥലത്ത് ഒരു മിനി സ്‌റ്റേഡിയം നിര്‍മ്മിച്ചിരുന്നു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ കളിസ്ഥലമാണ് മാണികാവിലെതെന്ന് ഡിവിഷന്‍ മെമ്പര്‍ പി.സി. കുര്യന്‍ പറഞ്ഞു.

Facebook Comments Box