Mon. May 20th, 2024

20 വര്‍ഷം കോളേജില്‍ ഇംഗ്ലീഷ് പഠിപ്പിച്ചു, ഇപ്പോള്‍ ഓട്ടോഡ്രൈവര്‍; യുവതിയെ ഞെട്ടിച്ച 74കാരന്‍

By admin Mar 30, 2022 #news
Keralanewz.com

ബെംഗളൂരു: ഒരു ഓട്ടോ ഡ്രൈവര്‍ സ്ഫുടമായ ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ടാല്‍, ആഹാ കൊള്ളാമല്ലോ, എന്നാകും നമ്മള്‍ക്ക് ആദ്യം തോന്നുക. എന്നാല്‍ ആ ഓട്ടോക്കാരന്‍ എഴുപതിലധികം പ്രായമുള്ള വയോധികനാണെങ്കില്‍ നമ്മള്‍ ഞെട്ടുക തന്നെ ചെയ്യും. ഇപ്പോഴിതാ, ബെംഗളൂരു സ്വദേശിനായയ നികിത അയ്യര്‍ എന്ന പെണ്‍കുട്ടി തനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എവിടെ പോകണമെന്ന ചോദ്യത്തിലൂടെ യുവതിയെ ഞെട്ടിച്ച ഡ്രൈവറില്‍ നിന്ന് യാത്രക്കിടെ കേട്ട ജീവിത കഥ നികിത ലിങ്ക്ഡിനിലാണ് പങ്കുവെച്ചത്


കഴിഞ്ഞദിവസം രാവിലെ നികിത ജോലിയ്ക്ക് പോകുന്നതിനിടെയാണ് പട്ടാഭി രാമന്‍ എന്ന ഓട്ടോഡ്രൈവറെ പരിചയപ്പെട്ടത്. പ്രായമായ ഓട്ടോഡ്രൈവറായതിനാല്‍ നഗരത്തിന്റെ മറ്റൊരു ഭാഗത്തേക്കാണ് പോകേണ്ടതെന്നും ഇപ്പോള്‍ വൈകിയെന്നുമായിരുന്നു നികിത പറഞ്ഞത്. എന്നാല്‍ യുവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് വാഹനത്തിലേക്ക് കയറാന്‍ പട്ടാഭി രാമന്‍ ക്ഷണിക്കുകയായിരുന്നു. ഇഷ്ടമുള്ള പൈസ തന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു


ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നത് കേട്ട ആകാംക്ഷയിലാണ് നികിത ഡ്രൈവറോട് എങ്ങനെയാണ് ഇങ്ങനെ ഇംഗ്ലീഷ് സംസാരിക്കുന്നതെന്ന് ചോദിച്ചത്. അപ്പോഴാണ് താന്‍ കയറിയിരിക്കുന്ന ഓട്ടോ ഓടിക്കുന്നത് മുംബൈയിലെ കോളേജില്‍ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അധ്യാപകനാണെന്ന് തിരിച്ചറിയുന്നതെന്നാണ് യുവതി പറയുന്നത്


എംഎയും എംഎഡും പൂര്‍ത്തിയാക്കിയ വ്യക്തിയാണ് താനെന്നും പട്ടാഭി രാമന്‍ നികിതയോട് പറഞ്ഞു. തുടര്‍ന്ന് താനെന്തുകൊണ്ടാണ് ഓട്ടോ ഓടിക്കുന്നത് എന്നതാകുമല്ലേ അടുത്ത ചോദ്യം എന്ന് ഡ്രൈവര്‍ തന്നോട് ചോദിക്കുകയായിരുന്നെന്നും പിന്നീടാണ് ജീവിത കഥ വെളിപ്പെടുത്തിയതെന്നുമാണ് ലിങ്ക്ഡിന്‍ പോസ്റ്റില്‍ യുവതി പറയുന്നത്. കോളേജ് ലെക്ചര്‍ പോസ്റ്റില്‍ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ 14 വര്‍ഷമായി താന്‍ ഓട്ടോ ഓടിക്കുകയാണെന്നാണ് പട്ടാഭി രാമന്‍ പറയുന്നത്


കര്‍ണാടകയില്‍ ജോലി ലഭിക്കാത്തതുകൊണ്ട് മുംബൈയിലെത്തിയാണ് കോളേജ് അധ്യാപകനായി ജോലി ചെയ്തത്. മുംബൈയിലെത്തി ഒരു കോളേജില്‍ 20 വര്‍ഷത്തോളം ജോലി ചെയ്തു. തുടര്‍ന്ന് അറുപതാം വയസ്സില്‍ വിരമിച്ച് കര്‍ണാടകയിലേക്ക് തിരികെ വരികയായിരുന്നു


അധ്യാപകര്‍ക്ക് തുച്ഛമായ വരുമാനമാണ് ലഭിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. 10,000 മുതല്‍ 15,000 വരെയൊക്കെ ആയിരുന്നു ശമ്പളം. സ്വകാര്യ കോളേജ് കൂടി ആയിരുന്നതിനാല്‍ പെന്‍ഷനും ലഭിക്കുന്നില്ല. ഓട്ടോ ഓടിക്കുന്നതിലൂടെ ദിവസവും എഴുനൂറു മുതല്‍ ആയിരത്തിഅഞ്ഞൂറു രൂപ വരെ തനിക്ക് കിട്ടുന്നുണ്ട്. അത് തനിക്കും ഗേള്‍ഫ്രണ്ടിനും കഴിയാന്‍ ധാരാളമാണെന്നും അദ്ദേഹം പറയുന്നു. ഗേള്‍ഫ്രണ്ട് ആരാണെന്ന നികിതയുടെ ചോദ്യത്തിന് അത് തന്റെ ഭാര്യയാണെന്നാണ് പട്ടാഭി രാമന്‍ മറുപടി നല്‍കിയത്

Facebook Comments Box

By admin

Related Post