ഇറാന്റെ ഭീഷണി നേരിടാന്‍ റഷ്യക്കൊപ്പം ചേര്‍ന്ന് ഇന്ത്യ; ഹോര്‍മൂസ് കടലിടുക്ക് അടച്ചാല്‍ എണ്ണ മുടങ്ങില്ല; സംഘര്‍ഷം മുന്‍കൂട്ടിക്കണ്ട് ഇറക്കുമതിയും വര്‍ധിപ്പിച്ചു; വിലയും പിടിച്ചുകെട്ടും
ന്യൂഡല്‍ഹി: ഇറാനെതിരെയുള്ള യുഎസ് ആക്രമണത്തിന് ശേഷം കടുത്ത തീരുമാനങ്ങളിലേക്ക് കടന്ന് ഇറാന്
മധ്യേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തിന്‍റെ പ്രധാന റൂട്ടായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. ഇറാന്‍റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകാരം കൂടി ലഭിച്ചല്‍ ഹോര്‍മൂസ് അടയ്ക്കും. മധ്യേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തിന്‍റെ വാതിലായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്‍റെ തീരുമാനം എണ്ണ വിതരണം തടസപ്പെടുത്തുമെന്നാണ് ആശങ്ക.
ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ സമുദ്ര ഇടനാഴിയായ ഹോർമുസ് കടലിടുക്കാണ് ഗള്‍ഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്നത്. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ, ഖത്തർ, ഇറാൻ തുടങ്ങിയ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ അസംസ്കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകവും (എല്‍എൻജി) കയറ്റുമതി ചെയ്യാനായി ഉപയോഗിക്കുന്നത് ഹോർമുസ് കടലിടുക്കാണ്.
ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന മിഡില്‍ ഈസ്റ്റിലെ എണ്ണ ഉല്‍പ്പാദക രാജ്യങ്ങില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. മൊത്തം ഇറക്കുമതിയുടെ 40% ത്തിലധികം ഈ രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യയുടെ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിയുടെ 60 ശതമാനവും ഇതുവഴിയാണ്. അതേസമയം ഹോര്‍മുസ് അടച്ചാലും ഇന്ത്യയ്ക്ക് പ്രതിസന്ധിയില്ലെന്നാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറയുന്നത്.
ഇന്ത്യയുടെ എണ്ണ ഇറക്കുമതി സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചാലുണ്ടാകുന്ന ഇടിവ് നികത്താന്‍ റഷ്യ, യുഎസ് അടക്കമുള്ള ബദല്‍ വഴികള്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. മധ്യപൂര്‍വദേശത്ത് സംഘര്‍ഷം രൂക്ഷമാകുമ്ബോള്‍ ഇന്ത്യ ജൂണില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചു എന്നാണ് കണക്ക്. മധ്യേഷന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയേക്കാള്‍ കൂടുതലാണ് ഇന്ത്യയുടെ റഷ്യന്‍ എണ്ണ.
സാധാരണയായി അറബ് രാജ്യങ്ങളില്‍ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് ശേഷം ഡിസ്ക്കൗണ്ടില്‍ റഷ്യന്‍ എണ്ണ ലഭിക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യ ചുവടുമാറ്റിയത്. ഇതോടെ ഇത് ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയില്‍ വര്‍ധനവുണ്ടായി. മൊത്തം അസംസ്കൃത എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനത്തില്‍ താഴെയായിരുന്ന റഷ്യന്‍ എണ്ണയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ 40-44 ശതമാനമായി ഉയർന്നത്.
റഷ്യയില്‍ നിന്നും ഇന്ത്യയുടെ എണ്ണ ഇറക്കുമതി മേയില്‍ പ്രതിദിനം 1.96 മില്യണ്‍ ബാരലായിരുന്നു. ജൂണില്‍ 2-2.1 ബില്യണ്‍ ബാരലിലേക്ക് എത്തുമെന്നാണ് കണക്ക്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത്, എന്നിവിടങ്ങളില്‍ നിന്നും വാങ്ങുന്ന എണ്ണയേക്കാള്‍ കൂടുതലാണ് ഈ അളവ്. നേരത്തെ 2.80 ലക്ഷം ബാരല്‍ വാങ്ങിയിരുന്ന യുഎസില്‍ നിന്നുള്ള വ്യാപാരം 4.39 ലക്ഷം ബാരലാക്കി ഉയര്‍ത്തി.
ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുന്നത് ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ പറയുന്നുണ്ട്. ഹോര്‍മൂസ് കടലിടുക്ക് അടച്ചാലും മറ്റ് പ്രധാന റൂട്ടുകളുണ്ടെന്ന് മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞത്. ഇന്ത്യയില്‍ ഭാവിയിലേക്കുള്ള എണ്ണ സ്റ്റോക്കുണ്ടെന്നും ജനങ്ങള്‍ക്ക് ഇന്ധന ലഭ്യത ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഇറാനു നേരെയുള്ള യുഎസ് ആക്രമണത്തിന് പിന്നാലെ രാജ്യാന്തര എണ്ണ വില കുതിച്ചു. ബ്രെന്‍ഡ് ക്രൂഡ് 5.7 ശതമാനം ഉയര്‍ന്ന് ബാരലിന് 79.08 ഡോളറിലെത്തി. ഇറാനും ഹൂതികളും എങ്ങനെ തിരിച്ചടിക്കുന്നു എന്നത് അടിസ്ഥാനമാക്കിയാകും വില കുതിക്കുക. 10 ദിവസത്തിന് മുന്‍പ് ഇറാനിലേക്കുണ്ടായ അപ്രതീക്ഷിത ആക്രമണം മുതല്‍ 14 ശതമാനം വര്‍ധനവാണ് എണ്ണ വിലയിലുണ്ടായത്.