CRIMENational NewsPoliticsReligion

കന്യാസ്ത്രീമാർക്ക് ജാമ്യമില്ല, കേസ് എൻ ഐ എ കോടതിയിലേക്ക്.

Keralanewz.com

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ 5 ദിവസമായി ജയില്‍ കഴിയുന്ന കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി.

കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകള്‍ക്ക് ജയിലില്‍ തുടരേണ്ടിവരും.

പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെ തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഈ കോടതിയിലാണ് പരിഗണിക്കുക. മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്തു ജീവിക്കാനായി ഭരണഘടന നല്‍കുന്ന അവകാശമാണു യുവതികള്‍ ഉപയോഗിച്ചതെന്നും ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ തന്നെ, തങ്ങള്‍ക്ക് ഈ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് അപേക്ഷ തള്ളുകയായിരുന്നു.

ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരിയെയും അറസ്റ്റ് ചെയ്തത്. ആശുപത്രി, ഓഫിസ് ജോലികള്‍ക്കായി 2 പെണ്‍കുട്ടികളെ ഒപ്പം കൂട്ടിയതിനെ തുടര്‍ന്നാണ് ഇവരെ പൊലീസും ബജ്‌റങ്ദള്‍ പ്രവര്‍ത്തകരും ചോദ്യം ചെയ്തത്. പെണ്‍കുട്ടികളുടെ കുടുംബവും കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്നു. പിന്നീട് അറസ്റ്റു രേഖപ്പെടുത്തി.

പെണ്‍കുട്ടികള്‍ നിലവില്‍ സര്‍ക്കാര്‍ സംരക്ഷണയിലാണുള്ളത്. ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ സമാന്തരമായി ചോദ്യം ചെയ്‌തെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു.

ഭരണഘടനയ്‌ക്കെതിരെയും രാജ്യത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന ശക്തികളാണ് ആരോപണത്തിനും കേസിനും പിന്നിലെന്നു സിബിസിഐ വക്താവ് ഫാ. റോബിന്‍സണ്‍ റോഡ്രിഗസ് ആരോപിച്ചു. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കെപിസിസിയുടെ േനതൃത്വത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ചു.

Facebook Comments Box