കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഢ് സര്‍ക്കാര്‍, വിധി പകര്‍പ്പ് പുറത്ത്
ന്യൂഡല്‍ഹി: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഢ് സര്‍ക്കാര്‍.
ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറാകാതെ ബിലാസ്പുര്‍ എൻഐഎ കോടതിയിലേക്ക് മാറ്റികൊണ്ടുള്ള ഛത്തീസ്ഗഡ് സെഷൻസ് കോടതിയുടെ ഉത്തരവിന്‍റെ പകർപ്പ് പുറത്ത്.
എതിർപ്പ് ജഡ്ജിക്ക് എഴുതി നല്‍കി. ജാമ്യത്തെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തിട്ടില്ലെന്നതായിരുന്നു ബിജെപി വാദം. ഇത് തള്ളുന്നതാണ് വിധി പകർപ്പ്. ദുർഗിലെ സെഷൻസ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവേ കന്യസ്ത്രീകള്‍ക്കു വേണ്ടി അഭിഭാഷകൻ വാദം നിരത്തി. അതിനെ പബ്ലിക്ക് പ്രോസിക്യൂട്ടർ അതിശക്തമായി എതിർക്കുകയായിരുന്നു. സെഷൻ 143 പ്രകാരം ഈ കേസ് പരിഗണിക്കാൻ കോടതിയ്ക്ക് അവകാശമില്ലെന്നും ജാമ്യഹർജി തള്ളണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. കന്യാസ്ത്രീകള്‍ ജാമ്യം നല്‍കിയാല്‍ മതപരിവർത്തനം ആവർത്തിക്കുമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടർ വാദിച്ചു.
ദുർഗിലെ ജയിലില്‍ റിമാൻഡില്‍കഴിയുന്ന കന്യാസ്ത്രീകള്‍ കഴിഞ്ഞദിവസം ജാമ്യംതേടി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച സെഷൻസ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാൻ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ നിലപാട്. വിഷയത്തില്‍ ബിലാസ്പുരിലെ എൻഐഎ കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്‌റങ്ദള്‍ പ്രവർത്തകരുടെ വൻ ആഘോഷപ്രകടനം അരങ്ങേറി. ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ മുതല്‍തന്നെ ജ്യോതിശർമ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ബജ്‌റങ്ദള്‍ പ്രവർത്തകർ കോടതിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യംനല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യവും മുഴക്കി. തുടർന്ന് കേസ് പരിഗണിച്ചതിന് പിന്നാലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയില്ലെന്ന് ബജ്‌റങ്ദളിന്റെ അഭിഭാഷകർ പുറത്തെത്തി അറിയിച്ചു. ഇതോടെയാണ് ബജ്‌റങ്ദള്‍ പ്രവർത്തകർ കരഘോഷം മുഴക്കി മുദ്രാവാക്യം വിളികളുമായി ആഘോഷങ്ങള്‍ ആരംഭിച്ചത്.
സിറോ മലബാർ സഭയുടെ കീഴില്‍ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് ഛത്തീസ്ഗഢില്‍ അറസ്റ്റിലായത്. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കന്യാസ്ത്രീകളെ ദുർഗ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഇവർ ഗാർഹിക ജോലികള്‍ക്കായി മൂന്നു പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നതാണ്. ഒരു പെണ്‍കുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഇതിനിടെ ബജ്‌റങ്ദള്‍ പ്രവർത്തകർ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.