EDUCATIONKerala NewsPolitics

കുട്ടികളുടെ ഇരുത്തത്തിലല്ല,വിദ്യാഭ്യാസ രീതിയിലാണ് മാറ്റം വരേണ്ടത്;കേരള കോൺഗ്രസ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ അപു ജോൺ ജോസഫ്.

Keralanewz.com

തൊടുപുഴ : വിദ്യാഭ്യാസ വകുപ്പിന്റെ ഏറ്റവും പുതിയ പ്രഖ്യാപനമായ ക്ലാസ് മുറികൾ യു-ഷേപ്പിലേക്ക് മാറ്റുമെന്നത് തിടുക്കപ്പെട്ട് എടുത്ത തീരുമാനമാണെന്ന് കേരളാ കോൺഗ്രസ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ അപു ജോൺ ജോസഫ് കുറ്റപ്പെടുത്തി.

അഞ്ചോ ആറോ കുട്ടികളുള്ള ക്ലാസ് മുറികളിൽ ഈ യു-ഷേപ്പ് ക്രമീകരണം പ്രാവർത്തികമാക്കിയേക്കാം. എന്നാൽ, നാൽപ്പതും അൻപതും കുട്ടികളുള്ള ക്ലാസ്സുകളിൽ ഇത് എങ്ങനെ സാധ്യമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കണം. പ്രായോഗികമല്ലാത്ത ഇത്തരം പ്രഖ്യാപനങ്ങൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കാനേ ഉപകരിക്കൂ.

ഒരു വശത്തേക്ക് തിരിഞ്ഞിരുന്ന് അധ്യാപകനെ നോക്കേണ്ടി വരുന്ന യു-ഷേപ്പ് ക്രമീകരണം കുട്ടികളുടെ ശാരീരിക നിലയെ ദോഷകരമായി ബാധിക്കില്ലേ എന്ന ആശങ്കയും അപു ജോൺ ജോസഫ് പങ്കുവെച്ചു. ദീർഘകാലം ഇതേ രീതിയിൽ ഇരിക്കുന്നത് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകളോ ആരോഗ്യപരമായ ബുദ്ധിമുട്ടുകളോ ഉണ്ടാക്കാൻ സാധ്യതയുണ്ട്. കുട്ടികളുടെ പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുമ്പോൾ അവരുടെ ആരോഗ്യപരമായ കാര്യങ്ങളും പരിഗണിക്കപ്പെടണം.

ഇരുത്തം മാറ്റുന്നതിന് മുൻപ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിബിഎസ്ഇ സ്കൂളുകളുടെ സിലബസുകളുടെ നിലവാരത്തിലേക്ക് കേരളത്തിലെ എല്ലാ സ്കൂളുകളിലെയും സിലബസുകൾ ഉയർത്താൻ സർക്കാർ ശ്രദ്ധിക്കണം. കൂടാതെ, സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകേണ്ടതെന്നും അപു ജോൺ ജോസഫ് കൂട്ടിച്ചേർത്തു.

തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതിന് പകരം, കുട്ടികളുടെ ഭാവിക്കും വിദ്യാഭ്യാസ നിലവാരത്തിനും ഉതകുന്ന ദീർഘവീക്ഷണമുള്ള നയങ്ങൾ രൂപീകരിക്കാനാണ് സർക്കാർ ശ്രദ്ധിക്കേണ്ടത്.

Facebook Comments Box