‘പൃഥ്വിരാജ് മെലിഞ്ഞു, താടി വളര്‍ത്തി എന്നുപറഞ്ഞ് അവാര്‍ഡ് കൊടുക്കാൻ പറ്റില്ല’, അതിലും നല്ല പെര്‍ഫോമൻസ് ഉണ്ടെന്ന് മേജര്‍ രവി
ഒട്ടേറെ വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും വഴിവെച്ചതാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ചിത്രമായി തെര ഈഞ്ഞെടുക്കപ്പെട്ടത്.
ദി കേരള സ്റ്റോറിയിലൂടെ സുദിപ്തോ സെൻ മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്‌കാരം ലഭിച്ചത്. ട്വല്‍ത്ത് ഫെയിലാണ് വിക്രാന്ത് മാസിയെ പുരസ്കാരത്തിന് അർഹനാക്കിത്. ഏറെ കയ്യടി നേടിയ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന് അംഗീകാരം ലഭിക്കാത്തതില്‍ ഏറെ വിമർശനങ്ങള്‍ ഉയർന്നിരുന്നു. ഇപ്പോഴിതാ വിവാദങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകനും നടനുമായ മേജർ രവി.
‘പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ട് മെലിഞ്ഞു, കഥാപാത്രത്തിനുവേണ്ടി താടി വളർത്തി എന്നൊക്കെ പറഞ്ഞ് അവാർഡ് കൊടുക്കാനാകില്ല. കാരണം അപ്പുറത്ത് വേറെയും പടങ്ങളുണ്ട്. അതൊന്നും നമ്മള്‍ കണ്ടിട്ടില്ല. അതിലും നല്ല പെർഫോമൻസ് ഉണ്ടായിട്ടുണ്ട്. അതെല്ലാം കണ്ട ആളുകളാണ് അവാർഡ് നല്‍കുന്നത്. നമ്മള്‍ ആടുജീവിതം മാത്രമേ കണ്ടിട്ടുള്ളൂ. അപ്പോള്‍ കേരള സ്റ്റോറിക്ക് അവാർഡ് കൊടുത്തതെന്തിനെന്ന് ചിലർ ചോദിക്കും.
ആ സിനിമ കേരളത്തെ അപമാനിക്കാൻ വേണ്ടി എടുത്തതാണെന്ന് ചിലർ പറയുന്നുണ്ട്. എനിക്ക് അങ്ങനെ തോന്നിയിട്ടേയില്ല. ഈയടുത്തും ഒരു വാർത്ത നമ്മളെല്ലാവരും കണ്ടതാണ്. പക്ഷേ അതൊന്നും ഇവിടത്തെ ചില ആളുകള്‍ അംഗീകരിക്കില്ല. നമ്മുടെ പാർട്ടിയെ തെറ്റായിട്ട് കാണിച്ചു എന്നതുകൊണ്ട് ആ സിനിമ മോശമാണെന്ന് പറയുന്നവരുണ്ട്’- മേജർ രവി പറഞ്ഞു.