ദുബായില്‍ വീണ്ടും മഞ്ഞക്കടലിരമ്ബം; കിവീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ചാമ്ബ്യന്മാര്‍
ദുബായില്‍ വീണ്ടും മഞ്ഞക്കടലിരമ്ബം. ഐസിസി ടി20 ലോകകപ്പ് ഫൈനലില്‍ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ചാമ്ബ്യന്മാര്‍.ഐപിഎല്ലിലെ മഞ്ഞക്കുപ്പായക്കാരായ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതേ വേദിയില്‍ കിരീടം നേടി ഒരു മാസം തികയുന്നതിന് മുന്‍പാണ് ലോക ക്രിക്കറ്റിലെ മഞ്ഞക്കുപ്പായക്കാരായ ഓസ്‌ട്രേലിയ കിരീടം ചൂടിയിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ആദ്യ ടി20 ലോകകപ്പ് കിരീടമാണിത്. ഏകദിന കിരീടങ്ങള്‍ അഞ്ചെണ്ണം നേടിയതിന്റെ വമ്ബ് ഓസീസ് അവകാശപ്പെടുമ്ബോഴും കുട്ടിക്രിക്കറ്റില്‍ പേരിനൊരു കിരീടം പോലുമില്ല എന്ന ചീത്തപ്പേര് കൂടി ഈ കിരീട നേട്ടത്തോട് കൂടി മായ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഓസീസ് മറികടന്നത്. സ്കോര്‍ : ന്യൂസിലന്‍ഡ് 20 ഓവറില്‍ 172/4, ഓസ്‌ട്രേലിയ 18.5 ഓവറില്‍ 173/2
50 പന്തില്‍ 77 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്റെയും 38 പന്തില്‍ 53 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറി പ്രകടനങ്ങളാണ് ഓസ്‌ട്രേലിയയുടെ ജയം അനായാസമാക്കിയത്. 18 പന്തില്‍ 28 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലുംഓസീസ് ജയത്തില്‍ നിര്‍ണായക പങ്കുവച്ചിച്ചു.
ന്യൂസിലന്‍ഡിനായി ബൗളിങ്ങില്‍ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. കിവീസ് നിരയിലെ മറ്റ് ബൗളര്‍മാരെല്ലാം നിരാശപ്പെടുത്തി. സ്പിന്നര്‍മാരായ മിച്ചല്‍ സാന്റ്നര്‍ക്കും ഇഷ് സോധിക്കും മധ്യോവറുകളില്‍ ഓസ്‌ട്രേലിയന്‍ സ്കോറിങ്ങിന് തടയിടാന്‍ കഴിഞ്ഞില്ല.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ഫിഞ്ചിനെ (ഏഴ് പന്തില്‍ അഞ്ച്) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് ന്യൂസിലന്‍ഡ് ബൗളര്‍മാരെ ആക്രമിച്ച് മുന്നേറിയതോടെ ഓസ്‌ട്രേലിയ ലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്നു. മത്സരത്തില്‍ ടോസ് ലഭിച്ചതിന്റെ ആനുകൂല്യം ഓസ്‌ട്രേലിയ ശെരിക്കും മുതലാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കിവീസ് ബൗളര്‍മാരെ കടന്നാക്രമിച്ച് മുന്നേറിയ ഇരുവരും 12-ാം ഓവറില്‍ തന്നെ ഓസീസ് സ്കോര്‍ 100 കടത്തി.
ഇതിനിടയില്‍ വാര്‍ണര്‍ തന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ഓസ്‌ട്രേലിയ അനായാസം ജയത്തിലേക്ക് എന്ന് തോന്നിച്ച ഘട്ടത്തില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് കിവീസിന് ആശ്വാസം നല്‍കി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ മാക്‌സ്‌വെല്ലും തകര്‍ത്തടിച്ചതോടെ കിവീസിന്റെ ജയ പ്രതീക്ഷകള്‍ അകലുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ (Kane Williamson) പ്രകടനത്തിന്റെ ബലത്തിലാണ് അവര്‍ മികച്ച സ്കോര്‍ നേടിയത്. ദുബായിലെ പിച്ചില്‍ മറ്റ് ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ വിഷമിച്ച സ്ഥലത്തായിരുന്നു ഓസീസ് ബൗളര്‍മാര്‍ക്കെതിരെ വില്യംസണ്‍ സംഹാരതാണ്ഡവമാടിയത്. 48 പന്തില്‍ 85 റണ്‍സ് നേടിയ വില്യംസണ്‍ തന്നെയാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. ഓസ്‌ട്രേലിയയ്ക്കായി ബൗളിങ്ങില്‍ ജോഷ് ഹെയ്സല്‍വുഡ് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
രണ്ടാം വിക്കറ്റില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലുമൊത്ത് (35 പന്തില്‍ 28) 48 റണ്‍സിന്റെയും മൂന്നാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സുമൊത്ത് (17 പന്തില്‍ 18) 68 റണ്‍സിന്റെയും കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വില്യംസണ്‍ 18-ാം ഓവറിലാണ് പുറത്തായത്. അവസാന രണ്ട് ഓവറില്‍ 23 റണ്‍സ് ചേര്‍ത്ത് ജിമ്മി നീഷമും ടിം സീഫെര്‍ട്ടും ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ ഉറപ്പാക്കി. ജിമ്മി നിഷാം (7 പന്തില്‍ 13), ടിം സീഫെര്‍ട്ട് (6 പന്തില്‍ 8) റണ്‍സോടെ പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയന്‍ നിരയില്‍ നാല് ഓവറില്‍ 60 റണ്‍സ് വഴങ്ങിയ മിച്ചല്‍ സ്റ്റാര്‍ക് നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.