Mon. Apr 29th, 2024

ഒടുവില്‍ എഐസിസി പ്രഖ്യാപിച്ചു: ജെബി മേത്തര്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവും

By admin Mar 19, 2022 #jebi mather #rajyasabha
Keralanewz.com

ദില്ലി: ജെബി മേത്തറെ കേരളത്തില്‍ രാജ്യഭ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്‌ എ ഐ സി സി നേതൃത്വം. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് പ്രഖ്യാപനം.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി ജെബി മേത്തര്‍ ഉള്‍പ്പെട്ട പട്ടിക കെ പി സി സി നേതൃത്വം എ ഐ സി സിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെ തീരുമാനം വന്നത്. അസമില്‍ നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിപുന്‍ റാവയേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍. എം ലിജുവിന്റെ പേരും അവസാനം വരെ ശക്തമായി തന്നെ ഉയര്‍ന്ന് കേട്ടിരുന്നു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പൂര്‍ണ്ണ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കെ സുധാകരനും ലിജുവും ഒരുമിച്ച്‌ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ അവസാനഘട്ടം ഇടംപിടിച്ച ജെബി മേത്തറെ എ ഐ സി സി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുകയായിരുന്നു. മുസ്ലിം, യുവത്വം, വനിത എന്നീ ഘടകങ്ങളും ജെബി മേത്തറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനുകൂല ഘടകങ്ങളായി.

സംഘടന ചുമതലുയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ജെബി മേത്തറിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സൂചന. 1980 ന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നതെന്ന് പ്രത്യകേതയുമുണ്ട്. മുന്‍ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളും കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തര്‍. 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറായ ജെബി മേത്തര്‍ നഗരസഭ ഉപാധ്യക്ഷ കൂടിയായിരുന്നു.

ഇതോടെ കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന മൂന്ന് സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളായി. മൂന്നില്‍ രണ്ട് സീറ്റില്‍ എല്‍ ഡി എഫിനും ഒരു സീറ്റില്‍ യു ഡി എഫിനും വിജയിക്കാന്‍ സാധിക്കും. എഎ റഹീം, പി സന്തോഷ് കുമാര്‍ എന്നിവരാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍. ഇരുവരും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നാളെ പത്രിക സമര്‍പ്പിച്ചേക്കും.

Facebook Comments Box

By admin

Related Post