Kerala NewsPolitics

ലീഗിൽപൊട്ടിത്തെറി പാര്‍ട്ടിയേയും അണികളെയും വഞ്ചിച്ചു’; കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനം ലഭിച്ച ലീഗ് എം.എല്‍.എയ്‌ക്കെതിരെ മലപ്പുറത്ത് പോസ്റ്റര്‍

Keralanewz.com

മലപ്പുറം: മുസ്‌ലിം ലീഗ് പ്രതിനിധിയെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ മലപ്പുറത്ത് എം.എല്‍.എയ്‌ക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് വള്ളിക്കുന്ന് എം.എല്‍.എയും മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി. അബ്ദുല്‍ ഹമീദിനെയാണ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരേ യു.ഡി.എഫ് നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

പാര്‍ട്ടിയേയും അണികളേയും വഞ്ചിച്ച യൂദാസാണ് അബ്ദുള്‍ ഹമീദെന്നും ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. മലപ്പുറം ബസ് സറ്റാന്റിലും മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസിന് സമീപത്തുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

കേസ് ദുര്‍ബലപ്പെടുത്താനാണ് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ലീഗ് അംഗത്തെ സി.പി.എം നാമനിര്‍ദേശം ചെയ്തതെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. ഒരു വിഭാഗം ലീഗ് നേതാക്കളിലും സി.പി.എമ്മിന്റെ ഈ നീക്കത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ സഹകരണ മേഖലയില്‍ രാഷ്ട്രീയം നോക്കാതെ നീങ്ങാനുള്ള നിലപാടിന്റെ ഭാഗമായാണ് പുതിയ സ്ഥാനലബ്ദിയെന്നാണ് ലീഗിലെ മറുപക്ഷത്തിന്റെ വാദം. പക്ഷെ, സി.പി.എമ്മുമായുള്ള സഹകരണത്തിന്റെ അപകടം നേതാക്കളെ ആശങ്കപ്പെടുത്തുന്നുമുണ്ട്. ഇതുവരെ ജില്ലാ ബാങ്കുകളെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനെതിരേ കടുത്ത എതിര്‍പ്പ് തുടര്‍ന്നുപോന്ന ലീഗിന് പുതിയ തീരുമാനം യു.ഡി.എഫില്‍ വിശദീകരിക്കലും ബുദ്ധിമുട്ടാകും. സി.പി.എമ്മുമായുള്ള സഹകരണത്തില്‍ കൃത്യമായ രാഷ്ട്രീയ അതിരിട്ടായിരുന്നു ലീഗ് മുന്നോട്ടുപോയിരുന്നത്. ഇതിന് തിരിച്ചടിയാകുമോ പുതിയ ഡയറക്ടര്‍ബോര്‍ഡ് സ്ഥാനം എന്ന ആശങ്കയും പാര്‍ട്ടിക്കുള്ളിലുണ്ട്.

അതേസമയം, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എയെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തത് സംബന്ധിച്ച്‌ മലപ്പുറം ജില്ലാ യു.ഡി.എഫ് കമ്മിറ്റിയില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ജില്ലാ ബാങ്ക് കേസിലെ ഹരജിക്കാരനും യു.ഡി.എഫ് ജില്ലാ ചെയര്‍മാനും ബാങ്ക് വൈസ് പ്രസിഡന്റുമായിരുന്ന പി.ടി അജയ്‌മോഹനന്‍ പറഞ്ഞു. ജില്ലയിലെ 93 സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റും താനും ജില്ലാ ബാങ്ക് മുന്‍ പ്രസിഡന്റും മഞ്ചേരി എം.എല്‍.എയുമായ യു.എ ലത്തീഫും ഒപ്പിട്ടാണ് കേസ് ഫയല്‍ ചെയ്തത്. ഇടത് സര്‍ക്കാരിന്റെ ബാങ്ക് ലയനം അംഗീകരിക്കാനാവില്ല. ഹൈക്കോടതിയില്‍ നിന്ന് ഇന്ന് അനുകൂല വിധിയുണ്ടായില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് അജയ് മോഹന്‍ അറിയിച്ചു. നേരത്തെ ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് കടകംപള്ളി സുരേന്ദ്രന്‍ സഹകരണ മന്ത്രിയായപ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കി ബാങ്ക് ലയനത്തിന് യു.എ ലത്തീഫിനേയും അജയ്‌മോഹനനേയും ചര്‍ച്ചക്ക് വിളിച്ചിരുന്നു. എന്നാല്‍ ഇവര്‍ നിരസിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച്‌ കേരള ബാങ്ക് രൂപീകരിച്ചതില്‍ മുസ്‌ലിം ലീഗിന് മേല്‍ക്കൈയുള്ള മലപ്പുറം ജില്ലാ ബാങ്ക് സഹകരിച്ചിരുന്നില്ല. ഇടത് മുന്നണിയുടെ കേരള ബാങ്ക് രൂപീകരണ തീരുമാനത്തോടുള്ള രാഷ്ട്രീയ എതിര്‍പ്പിന്റെ ഭാഗമായിട്ടാണ് യു.ഡി.എഫ് വിട്ട് നിന്നത്. റിസര്‍വ് ബാങ്കിന്റെ അംഗീകാരം നേടി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് തുടക്കത്തില്‍ മലപ്പുറം ജില്ലാ ബാങ്ക് മാറി നില്‍ക്കുകയായിരുന്നു. പിന്നീടാണ് ഉള്‍പ്പെട്ടത്. ഇതിനെതിരെയാണ് യു.ഡി.എഫ് കേസ് നല്‍കിയത്. ഈ കേസാണ് ഇന്ന് ഹൈക്കോടതി പരിഗണനയില്‍ വരുന്നത്.

സഹകരണ നിയമപ്രകാരം ഭരണസമിതി കാലാവധി രണ്ടര വര്‍ഷം പിന്നിട്ടാല്‍ തെരഞ്ഞെടുപ്പില്ലാതെ നാമനിര്‍ദേശത്തിലൂടെ അംഗങ്ങളെ ഉള്‍പ്പെടുത്താമെന്ന വ്യവസ്ഥയുണ്ട്. ഈ രീതിയിലാണ് ഗോപി കോട്ടുമുറിക്കല്‍ പ്രസിഡന്റായ കേരള ബാങ്ക് ഭരണസമിതിയിലേക്ക് ഏക യു.ഡി.എഫ് പ്രതിനിധിയായി പി അബ്ദുല്‍ഹമീദ് എം.എല്‍.എ ഉള്‍പ്പെടുത്തിയത്.

ഡയറക്ടര്‍ ബോര്‍ഡില്‍ ലീഗ് പ്രതിനിധിക്ക് പ്രാതിനിത്യം കിട്ടിയതിൽ അസാധാരണ നീക്കമില്ലെന്ന് പി. അബ്ദുല്‍ ഹമീദ് യു.ഡി.എഫ് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്‌ലിം ലീഗ് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ നീക്കമില്ലെന്ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. സഹകരണ മേഖലയുമായി മുസ്‌ലിം ലീഗ് വര്‍ഷങ്ങളായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ അതിന്റേതായ വേദിയില്‍ പ്രകടിപ്പിക്കും. എല്‍.ഡി.എഫ് ഭരിക്കുന്നത് കൊണ്ട് സഹകരണ മേഖലയില്‍ നിന്ന് ലീഗ് മാറി നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ സഹകരണ മന്ത്രിയായിരുന്നപ്പോഴും ലീഗ് പ്രതിനിധിയെ സഹകരണ ബാങ്ക് സംസ്ഥാന ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ബാങ്ക് സംബന്ധിച്ച ഹൈകോടതിയിയിലെ കേസും ഭരണസമിതി അഗത്വവും തമ്മില്‍ യാതൊരു ബന്ധവുമില്ല.

തെറ്റ് കണ്ടാല്‍ തെറ്റാണെന്നും മുഖം നോക്കാതെ വിമര്‍ശിക്കുകയും ചെയ്യും. സഹകരണ മേഖലയിലെ വഴിവിട്ട പ്രവര്‍ത്തനങ്ങളെ എതിര്‍ക്കും ഭരണസമിതി അംഗത്വത്തിന് മുസ്‌ലിം ലീഗിന്റേയും യു.ഡി.എഫിന്റേയും അനുമതിയുണ്ട്. ഈ വിഷയത്തില്‍ ലീഗ് സംസ്ഥാന നേതൃത്വം യു.ഡി.എഫ് നേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് എം.എല്‍.എയെ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ല: പി.എം.എ സലാം

കോഴിക്കോട്: കേരള ബാങ്ക് ഡയരക്ടര്‍ ബോര്‍ഡിലേക്ക് മുസ്്‌ലിം ലീഗ് എം.എല്‍.എയെ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയെ ഭരണസമിതി അംഗമാക്കാനുള്ള തീരുമാനം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ്. സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കില്‍ നേരത്തെ ലീഗ് പ്രതിനിധി ഉണ്ടായിരുന്നുവെന്നും സലാം അറിയിച്ചു.
നേരത്തെയുള്ള സംവിധാനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തേത്. ഔദ്യാഗികമായി ഈ വിഷയത്തില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ല. സഹകരണ മേഖലയില്‍ രാഷ്ട്രീയം കാണാതെ എല്ലാവരും ഒരുമിച്ച്‌ പോകണമെന്നാണ് ലീഗ് നിലപാടെന്നും , കേരള ബാങ്കില്‍ ആദ്യമായാണ് ഒരു യു.ഡി.എഫ് എം.എല്‍.എ ഭരണസമിതി അംഗമാകുന്നത്. നിലവില്‍ മലപ്പുറം ജില്ലയില്‍നിന്ന് കേരള ബാങ്കില്‍ ഡയറക്ടർമാരില്ലെന്നും സലാം പറഞ്ഞു.

Facebook Comments Box