ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ വിവാദപരാമര്‍ശം; പ്രിയങ്ക ഗാന്ധിക്കെതിരേ മധ്യപ്രദേശ് മുഖ്യമന്ത്രി .
ഭോപ്പാല്‍: ഗ്വാളിയോർ രാജകുടുംബാംഗവും,ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യക്കെതിരേ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രംഗത്തെത്തി.
അസഭ്യവും അസഹനീയവുമായ ഇത്തരം പരാമര്‍ശങ്ങളും ധിക്കാരപരമായ വാക്കുകളും മധ്യപ്രദേശും രാജ്യവും ഒരിക്കലും പൊറുക്കില്ലെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. എക്സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഉയരം അല്‍പം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഏതു പ്രവര്‍ത്തകനും അദ്ദേഹത്തെ കാണാൻ ചെന്നാല്‍ മഹാരാജാ എന്ന് വിളിക്കണം.
അല്ലെങ്കില്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല’ എന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിവസമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിവാദ പരാമര്‍ശം. അതേസമയം, പ്രിയങ്ക ഗാന്ധിക്കെതിരെ സാങ്കല്‍പ്പികവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് ചൗഹാൻ ഉന്നയിക്കുന്നതെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞു.
കഴിഞ്ഞ അസംബ്ലി ഇലക്ഷനിൽ സിന്ധ്യയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാണിച്ച് ഇലക്ഷനിൽ മത്സരിക്കുകയും , ശേഷം ഒഴിവാക്കുകയുമായിരുന്നു. തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് സിന്ധ്യയെ ബി ജെ പി ക്യാംപിലും തുടർന്ന് കേന്ദ്ര മന്ത്രി സഭയിലും എത്തിച്ചത്.
മധ്യപ്രദേശിലെ ജനങ്ങൾ ഒന്നടങ്കം രാഷ്ട്രീയ ഭേദമില്ലാതെ ആദരിക്കുന്ന, ഗ്വാളിയോർ യുവരാജാവായ ജ്യോതിരാദിത്യ സിന്ധ്യക്ക് നേരെയുണ്ടായ വിവാദ പരാമർശം മധ്യപ്രദേശ് ഇലക്ഷൻ റിസൾട്ടിനെ എങ്ങിനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.