Tue. May 21st, 2024

കേജരിവാള്‍ കേസില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും

By admin Apr 30, 2024
Keralanewz.com

ന്യൂഡല്‍ഹി: മദ്യനയക്കേസിലെ അറസ്റ്റും ഇഡി കസ്റ്റഡിയില്‍ വിട്ട വിചാരണക്കോടതി നടപടിയും ചോദ്യം ചെയ്‌ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സമർപ്പിച്ച ഹർജിയില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും.

വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാത്തത് എന്താണെന്ന് തിങ്കളാഴ്ച വാദം കേള്‍ക്കവേ ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ സമയത്തെയും രീതിയെയും കേജരിവാളിനു വേണ്ടി ഹാജരായ അഡ്വ. അഭിഷേക് മനു സിംഗ്‌വി ചോദ്യംചെയ്തു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്ന് അരവിന്ദ് കേജരിവാളിനെ മാറ്റാൻ വേണ്ടിമാത്രമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതെന്ന് ഒരു മണിക്കൂർ നീണ്ടുനിന്ന വാദത്തില്‍ അഭിഷേക് മനു സിംഗ്‌വി ചൂണ്ടിക്കാട്ടി.

കേജരിവാളിനെതിരേ നടപടി സ്വീകരിക്കാൻ ഇഡിയുടെ പക്കല്‍ തെളിവുകള്‍ ഒന്നുമില്ല. ലോകസ്ഭാ തെരഞ്ഞെടുപ്പ് മാത്രമാണ് കാരണം. മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമാണോ ഇതെന്നും സിംഗ്‌വി ചോദിച്ചു.

അന്വേഷണ ഏജൻസിക്ക് മറുപടി സമർപ്പിക്കാൻ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എസി.വി. രാജു പറഞ്ഞു. ഇതേത്തുടർന്ന് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് കേസിന്‍റെ വാദം ഇന്നത്തേക്കു മാറ്റി. വിചാരണക്കോടതിയില്‍ കേജരിവാള്‍ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ടോയെന്ന് വാദത്തിനിടെ സുപ്രീംകോടതി ചോദിച്ചു.

ജാമ്യാപേക്ഷ നല്‍കിയിട്ടില്ലെന്ന് സിംഗ്‌വി അറിയിച്ചു. അറസ്റ്റിനെതിരേയുള്ള റിട്ട് ഹർജിയാണ് സമർപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പണത്തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്താണ് കേജരിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി.

ഇഡിയും സിബിഐയും സമർപ്പിച്ച കുറ്റപത്രങ്ങളില്‍ കേജരിവാളിന്‍റെ പേരില്ല. ഏജൻസി നല്‍കിയിരിക്കുന്ന കുറ്റപത്രത്തില്‍ മദ്യനയക്കേസുമായി ബന്ധപ്പെട്ട പല പ്രതികളുടെയും മൊഴിയില്‍ കേജരിവാളിന്‍റെ പേരില്ല. കേജരിവാളിനെതിരേ മൊഴി നല്‍കിയെന്നു പറയുന്ന ശരത് റെഡ്ഡി ബിജെപിക്കു വേണ്ടി ഇലക്‌ടറല്‍ ബോണ്ട് വാങ്ങിയയാളാണെന്നും വാദത്തിനിടെ സിംഗ്‌വി പറഞ്ഞു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ ആം ആദ്മി പാർട്ടി കോഴവാങ്ങിയതില്‍ കേജരിവാളിനു പങ്കുണ്ടെന്നാണ് കേസ്. കോഴയായി ലഭിച്ച പണം കേജരിവാള്‍ ഗോവ, പഞ്ചാബ് തെരഞ്ഞെടുപ്പുകളില്‍ വിനിയോഗിച്ചതിന്‍റെ തെളിവുണ്ടെന്ന് ഇഡി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കേജരിവാള്‍ നിലവില്‍ തിഹാർ ജയിലില്‍ ജൂഡീഷല്‍ കസ്റ്റഡിയിലാണ്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാതെ ജയിലില്‍നിന്ന് ഉത്തരവ് ഇറക്കുന്ന കേജരിവാള്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post