പെരുമാറ്റച്ചട്ട ലംഘനത്തിലെ നടപടി: മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരായ വിദ്വേഷ പ്രസംഗ പരാതിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പാര്‍ട്ടികള്‍.
മറുപടി നല്‍കാന്‍ ഏഴ് ദിവസം കൂടി അനുവദിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. 14 ദിവസം കൂടി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കേണ്ട സമയം ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിലാണ് സമയം നീട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടികളുടെ അപേക്ഷയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുത്തിട്ടില്ല. പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിലാണ് മോദിക്കും രാഹുലിനുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്. ഇരുവരും പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിലാണ് നടപടി. ജനപ്രാതിനിധ്യ നിയമത്തിന്റെ 77ാം വകുപ്പ് പ്രകാരമായിരുന്നു നടപടി സ്വീകരിച്ചത്. ഏപ്രില്‍ 29നായിരുന്നു മറുപടി നല്‍കാനുള്ള അവസാന ദിവസം.
ഏപ്രില്‍ 11 ന് കോട്ടയത്ത് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചത്. ബിജെപി രാജ്യത്തെ മതത്തിന്റെയും, ജാതിയുടെയും, ഭാഷയുടെയും പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു രാഹുല്‍ നടത്തിയ പരാമര്‍ശം. ഏപ്രില്‍ 21 ന് രാജസ്ഥാനിലെ ബന്‍സ്വരയില്‍ മോദി നടത്തിയ പ്രസംഗത്തിലാണ് ബിജെപിക്ക് നോട്ടീസ് അയച്ചത്. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു രാജസ്ഥാനില്‍ വച്ച് നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശം.