Tue. May 21st, 2024

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ; പ്രതി അനുപമയുടെ ജാമ്യാപേക്ഷ തള്ളി

By admin Apr 30, 2024
Keralanewz.com

കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി പി. അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ആണ് ജാമ്യാപേക്ഷ തള്ളിയത്.

ജയിലില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ വിചാരണ നടപടികള്‍ ഉടനടി ആരംഭിക്കുന്നതിനായി കസ്റ്റഡി ട്രയലിന് പ്രോസിക്യൂഷൻ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പ്രതിയുടെ ജാമ്യാപേക്ഷയില്‍ കോടതി വിശദ വാദം കേള്‍ക്കുകയായിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിയുടെയും വിശദമായ വാദം കോടതി കേട്ടു.

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യത ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. കൊച്ചു കുട്ടികളെ തട്ടി കൊണ്ടുപോയി ഭീഷണിപ്പെടുത്തി ധനം സമ്ബാദിക്കാൻ ലക്ഷ്യമിട്ട് അതീവ ഗുരുതരമായ കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്നും ശാസ്ത്രീയ പരിശോധന ഫലങ്ങളില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും പ്രഥമദൃഷ്ട്യാ പ്രതികള്‍ക്കെതിരെ ശക്തമായ കേസ് പ്രോസിക്യൂഷൻ സ്ഥാപിച്ചെടുത്തുവെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യം നിഷേധിച്ചത്.

പ്രതികള്‍ കസ്റ്റഡിയില്‍ തുടർന്ന് വിചാരണ നേരിടണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. പഠനം തുടരാൻ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കഴിഞ്ഞ 16ന് ജാമ്യാപേക്ഷ നല്‍കിയത്.

കഴിഞ്ഞ നവംബർ 27ന് ഓയൂർ ഓട്ടുമലയില്‍ നിന്ന് ബാലികയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിറ്റേന്ന് കുട്ടിയെ കിട്ടിയശേഷം ഡിസംബർ രണ്ടിന് ആണ് പ്രതികളായ ചാത്തന്നൂർ മാമ്ബള്ളിക്കുന്നം കവിതാരാജില്‍ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകള്‍ പി. അനുപമ എന്നിവർ പിടിയിലായത്. അന്നുമുതല്‍ ജയിലില്‍ തുടരുന്ന പ്രതികള്‍ ആദ്യമായാണ് ജാമ്യാപേക്ഷ നല്‍കിയത്.

ഇവർ മൂന്നുപേരെയും മാത്രം പ്രതികളാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കല്‍ ഹാജരായി.

Facebook Comments Box

By admin

Related Post