ഗവര്‍ണര്‍ സ്ഥാനത്തിന് ഗുഡ് ബൈ, ആരിഫ് മുഹമ്മദ് ഖാന്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്?

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. സംസ്ഥാന സര്‍ക്കാരുമായി വലിയ തര്‍ക്കം തന്നെ നിലനില്‍ക്കുന്നതിനിടെയാണ് ഗവര്‍ണര്‍ സ്ഥാനമൊഴിയാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.ഗവര്‍ണര്‍ സ്ഥാനം ഒഴിച്ച് ഉത്തരേന്ത്യയില്‍ നിന്ന് ആരിഫ് മുഹമ്മദ് ഖാന്‍ മത്സരിക്കുമെന്നാണ് സൂചന.

രാജ്ഭവനിലെ ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. ഉത്തര്‍പ്രദേശിലെ ബുലന്ധ്‌ഷെഹറില്‍ നിന്ന് ആരിഫ് മുഹമ്മദ് ഖാന്‍ മത്സരിക്കാനാണ് സാധ്യത. ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചാല്‍ ഗവര്‍ണര്‍ സ്ഥാനം അദ്ദേഹം ഒഴിയും.
ബിജെപി കേന്ദ്ര നേതൃത്വവുമായി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ബുലന്ധ്‌ഷെഹറാണ് അദ്ദേഹത്തിന്റെ സ്വന്തം നാട്. ഇവിടെ നിന്ന് മത്സരിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി കിട്ടേണ്ടതുണ്ട്. യുപിയിലെ പല മണ്ഡലങ്ങളും മത്സരിക്കാനായി പരിഗണനയിലുണ്ട്.
സെപ്റ്റംബര്‍ മാസം വരെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി. എന്നാല്‍ ഇപ്പോഴേ ഫയലുകളെല്ലാം തീര്‍പ്പാക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. തുടര്‍ച്ചയായി അദ്ദേഹം ഡല്‍ഹി സന്ദര്‍ശനം നടത്തുന്നതും അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം വിജയിച്ചാല്‍ ആരിഫിനെ കേന്ദ്ര മന്ത്രിയാക്കാനും സാധ്യതയുണ്ട്.
അതേസമയം ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും നയം അനുസരിച്ച് 75 കഴിഞ്ഞവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയോ, അതുപോലെ മത്സരിപ്പിക്കുകയോ ചെയ്യരുതെന്നാണ്. വിജയിച്ചാല്‍ രണ്ട് വര്‍ഷം മാത്രമേ ആരിഫ് മുഹമ്മദ് ഖാന് അധികാരത്തില്‍ തുടരാനാവൂ. 73കാരനായ ആരിഫിനെ അതുകൊണ്ട് പരിഗണിക്കാനുള്ള സാധ്യതയേറെയാണ്.
ഇത്തവണ സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇനിയൊരിക്കലും അദ്ദേഹം പാര്‍ട്ടി നിയമപ്രകാരം മത്സരിക്കാനാവില്ല. നേരത്തെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കും അദ്ദേഹത്തിന്റെ പേര് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ജഗദീപ് ധന്‍കറിനാണ് ഈ പോസ്റ്റ് ലഭിച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ 2004ലാണ് ബിജെപിയില്‍ ചേര്‍ന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉന്നത ബിജെപി നേതാക്കളുമായും നല്ല ബന്ധമാണ് ആരിഫ് മുഹമ്മദ് ഖാനുള്ളത്. ബിജെപിയുടെ മുസ്ലീം മുഖമായിട്ട് അദ്ദേഹത്തെ അവതരിപ്പിക്കാന്‍ സാധ്യത ഏറെയാണ്. താന്‍ വര്‍ഷങ്ങളായി ആര്‍എസ്‌എസ് അംഗമാണെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ളയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. അതുകൊണ്ട് ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ സ്വീകരിക്കുന്നതിനും അദ്ദേഹത്തിന് തടസ്സമില്ല.
2019 സെപ്റ്റംബര്‍ ആറിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി കേരളത്തില്‍ ചുമതലയേറ്റത്. യുപിയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. 26ാം വയസ്സില്‍ യുപി നിയമസഭയില്‍ എത്തിയിട്ടുണ്ട് അദ്ദേഹം. ഭാരതീയ ക്രാന്തി ദളിലൂടെയായിരുന്നു ആരിഫിന്റെ രാഷ്ട്രീയ പ്രവേശം. പിന്നീട് കോണ്‍ഗ്രസിലെത്തിയ അദ്ദേഹം വൈകാതെ തന്നെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തുകയായിരുന്നു.