Sun. May 12th, 2024

വാഹന പുകപരിശോധനയിൽ പുതിയമാറ്റം; കൂട്ടത്തോടെ പരാജയപ്പെട്ട് പെട്രോള്‍ വാഹനങ്ങള്‍

By admin Jan 16, 2024
Keralanewz.com

കോട്ടയം: വാഹനപുക പരിശോധനയില്‍ വരുത്തിയ അടിമുടിമാറ്റത്തില്‍ കൂട്ടത്തോടെ പരാജയപ്പെട്ട് പെട്രോള്‍ വാഹനങ്ങള്‍.

കേരളത്തില്‍ പെട്രോള്‍ വാഹന പരിശോധനക്ക് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറില്‍ ഈ മാസം ഒമ്ബതുമുതല്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരു മുന്നറിയിപ്പുമില്ലാതെ വരുത്തിയ മാറ്റമാണ് വാഹനങ്ങളെ കുടുക്കിയത്.

നിലവില്‍ കേന്ദ്ര നിയമപ്രകാരം കാര്‍ബണ്‍ മോണോക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ എന്നിവക്കായിരുന്നു മലിനീകരണ നിയന്ത്രണപരിധി ഉണ്ടായിരുന്നത്. ഇവയായിരുന്നു പരിശോധനയുടെ മാനദണ്ഡവും. എന്നാല്‍, ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് ഒരു മുന്നറിയിപ്പും കൂടാതെ കഴിഞ്ഞ ദിവസം മുതല്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെയും ഹൈഡ്രോകാര്‍ബണിന്റെയും പരിധി കൂടാതെ ഓക്സിജൻ, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവ ഉള്‍പ്പെടെ നാല് മലിനീകരണ വാതകങ്ങളുടെ തോത് പരിശോധിച്ച്‌ അതിന്‍റെ ശരാശരി എടുത്തശേഷമാണ് പുകപരിശോധന പൂര്‍ത്തിയാക്കുന്നത്. ഇത് തീര്‍ത്തും അപ്രായോഗികവും നിലവിലുള്ള കേന്ദ്രനിയമത്തിന് വിരുദ്ധവുമാണെന്ന് പുകപരിശോധന സ്ഥാപന ഉടമകള്‍ പറയുന്നു.

പുതുക്കിയ പരിശോധന രീതി നിലവില്‍വന്നതോടെ നിരത്തിലോടുന്ന ഭൂരിപക്ഷം പെട്രോള്‍ വാഹനങ്ങളും പരിശോധനയില്‍ പരാജയപ്പെടുകയാണ്. പരാജയപ്പെടുന്ന വാഹനങ്ങളുടെ കാര്‍ബണ്‍ മോണോക്സൈഡിന്റെയും ഹൈഡ്രോ കാര്‍ബണിന്റെയും പരിധി കേന്ദ്രനിയമത്തില്‍ പറയുന്ന മലിനീകരണ തോതിന്റെ പരിധിക്കുള്ളിലാണെന്നും ചൂണ്ടിക്കാട്ടുന്നു.

പുതിയ മാറ്റം തിരിച്ചടി

പുതിയ നിയമം വാഹന ഉടമകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ ഫലത്തില്‍ പൊല്യൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് നിരത്തില്‍ ഓടുന്നത്. കേന്ദ്ര നിയമപ്രകാരം പൊല്യൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപയാണ് പിഴ. കേരളത്തില്‍ മാത്രമാണ് പുതുക്കിയ നിയമം നടപ്പാക്കിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു. ഇന്ധന ജ്വലനത്തില്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പിഴവ് പരിഹരിച്ചാല്‍ മാത്രമേ ഈ വാഹനങ്ങള്‍ക്ക് അനുമതി ലഭിക്കൂ. 2021 മുതല്‍ സംസ്ഥാനത്തെ പുകപരിശോധനയും സര്‍ട്ടിഫിക്കറ്റ് നല്‍കലും ഓണ്‍ലൈനിലാണ്.

വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ ശേഖരിക്കുകയും കാര്‍ബണ്‍മോണോക്സൈഡ് ഉള്‍പ്പെടെ ബഹിര്‍ഗമന വാതകങ്ങളുടെ അളവ് കണക്കാക്കി പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമായിരുന്നു രീതി. പുകപരിശോധനയില്‍ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വാഹനങ്ങളുടെ സാങ്കേതിക പോരായ്മയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു.

Facebook Comments Box

By admin

Related Post

You Missed