Sun. May 12th, 2024

ചോറ്റാനിക്കര മകം തൊഴല്‍ ഇന്ന്; ദര്‍ശനത്തിനെത്തുക ഒന്നരലക്ഷത്തോളം സ്ത്രീകള്‍

By admin Feb 24, 2024
Keralanewz.com

എറണാകുളം : ചോറ്റാനിക്കര ദേവിക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ മകം തൊഴല്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്തര വരെയാണ് ഭക്തർക്ക് മകം ദർശനത്തിനായി നട തുറക്കുക.

ഒന്നരലക്ഷത്തോളം ഭക്തർ മകം ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷ. മലയാള മാസമായ കുംഭത്തില്‍ മകം നക്ഷത്രം വരുന്ന ദിവസമാണ് മകം തൊഴല്‍ ആചരിക്കുക.

മകം തൊഴാനെത്തുന്നത് കൂടുതലും സ്ത്രീകളാണ്. അന്ന് ദേവിയെ ദർശിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുമെന്നാണ് വിശ്വാസം. ചോറ്റാനിക്കര മകം നാളില്‍ ആറാട്ടിനായി ദേവിയുടെ മൂർത്തിയെ പുറത്തെടുക്കും. അവിടെ നിന്ന് ഭഗവതിയെ ധർമ്മ ശാസ്താവും പതിനൊന്ന് ആനകളും അനുഗമിച്ച്‌ പൂരപ്പറമ്ബ് എന്നറിയപ്പെടുന്ന തുറസ്സായ മൈതാനത്തേക്ക് എത്തും. ഉച്ചവരെ ഇവിടെ തങ്ങുന്നു. ഇവിടെ പരമ്ബരാഗത ക്ഷേത്രമേളമായ പഞ്ചവാദ്യം അല്ലെങ്കില്‍ പാണ്ടിമേളം നടക്കും. ഇതിനുശേഷം ദേവി തൻ്റെ സങ്കേതത്തിലേക്ക് മടങ്ങുകയും പിന്നീട് പ്രസിദ്ധമായ മകം തൊഴലിനായി പ്രത്യക്ഷപ്പെടുന്നു. ദേവി സർവാഭരണ വിഭൂഷിതയായി പ്രത്യക്ഷപ്പെടുന്നു.

രാത്രി 11-ന് മങ്ങാട്ട് മനയിലേക്ക് പുറപ്പാട്ട് ഇറക്കി പൂജയ്‌ക്ക് ശേഷം തിരികെ ക്ഷേത്രത്തിലേക്ക്. തുടർന്ന് മകം വിളക്കിനെഴുന്നളളിപ്പ്. സ്ത്രീകളെ പടിഞ്ഞാറെ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായെത്തുന്നവരെയും വടക്കേ പൂരപ്പറമ്ബിലൂടെയും ബാരിക്കേഡ് വഴിയാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഉത്സവത്തോട് അനുബന്ധിച്ച്‌ 25-നാണ് പൂരം. 26-ന് ഉത്രം ആറാട്ടും നടക്കും. 27-ന് രാത്രി കീഴ്‌ക്കാവില്‍‌ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവത്തിന് കൊടിയിറങ്ങും.

മകം ദർശിക്കാനെത്തുന്ന ഭക്തർക്ക് വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ ചോറ്റാനിക്കരയില്‍ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചോറ്റാനിക്കര സ്കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ബീമാ ഗ്രൗണ്ട് ചോറ്റാനിക്കര പെട്രോള്‍ പമ്ബിന് മുൻവശത്തെ ഗ്രൗണ്ട് എന്നിവടങ്ങളിലും വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post

You Missed