Thu. May 2nd, 2024

കര്‍ഷകരുടെ കഴുത്തില്‍ വീണ്ടും ‘ജപ്തി വാള്‍”

By admin Feb 18, 2022 #loan #moralorium #mortgage
Keralanewz.com

തൊടുപുഴ: മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31ന് തീര്‍ന്നതിന് പിന്നാലെ ബാങ്ക് വായ്പാ കുടിശിഖയുള്ള കര്‍ഷകര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചു.

വായ്പകളുടെ തിരിച്ചടവില്‍ തുടര്‍ച്ചയായി മൂന്ന് ഗഡുക്കളോ അതിലധികമോ വീഴ്ച വരുത്തിയവര്‍ക്കാണ് നോട്ടീസ് ലഭിച്ചു തുടങ്ങിയത്. ഇത്തരത്തില്‍ ഇരുപതിനായിരത്തിലേറെ കര്‍ഷകര്‍ക്ക് ജില്ലയില്‍ നോട്ടീസ് ലഭിച്ചതായാണ് വിവരം. കാലാവധി കഴിഞ്ഞിട്ടും വായ്പകള്‍ തിരിച്ചടയ്ക്കാത്ത കര്‍ഷകര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മോറട്ടോറിയം സമയത്ത് ബാങ്കുകള്‍ റവന്യൂവകുപ്പിന് നല്‍കിയ അപേക്ഷകളാണ് ഇപ്പോള്‍ കൂട്ടത്തോടെ അയക്കുന്നത്. മൊറട്ടോറിയം കാലയളവിലെ പിഴപ്പലിശയടക്കം ചേര്‍ത്ത് തിരിച്ചയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ബാങ്കുകള്‍ നേരിട്ടും ഫോണ്‍ മുഖേനയും തിരിച്ചടവിന് നിര്‍ബന്ധിക്കുന്നതായും ആക്ഷേപമുണ്ട്. 2018ലെ പ്രളയം മുതല്‍ ആരംഭിച്ച മൊറട്ടോറിയം കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. ഇത് അവസാനിച്ചതോടെയാണ് ദേശസാത്കൃത ബാങ്കുകളടക്കം റിക്കവറി നടപടി ആരംഭിച്ചത്. ജപ്തി ഭീഷണിമൂലം 15ല്‍പരം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത ജില്ലയെന്ന പരിഗണന പോലും നല്‍കാതെയുള്ള ഈ നടപടി മലയോരജനതയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഏറെ പേരും മക്കളുടെ വിദ്യാഭ്യാസത്തിനും പെണ്‍മക്കളുടെ വിവാഹത്തിനും മറ്റുമെടുത്ത വായ്പകളാണേറെയും. തുടര്‍ച്ചയായെത്തിയ പ്രളയത്തില്‍ കൃഷി നശിച്ചതും കൊവിഡിനെ തുടര്‍ന്ന് വിളകള്‍ക്ക് വിലയിടിഞ്ഞതും മൂലം വിചാരിച്ചതുപോലെ വായ്പ തിരിച്ചടയ്ക്കാനായില്ല. കര്‍ഷകരെ വീണ്ടും കടക്കെണിയിലേക്ക് തള്ളിവിടുന്ന നടപടികളില്‍ നിന്ന് ബാങ്കുകളും സര്‍ക്കാരും പിന്‍വാങ്ങണമെന്നാണ് കര്‍ഷകസംഘടനകളുടെ ആവശ്യം. തിരിച്ചടവിന് കൂടുതല്‍ ഇളവും സാവകാശവും നല്‍കണം. കാര്‍ഷികകടാശ്വാസ കമ്മിഷന്‍ നല്‍കുന്ന ആനുകൂല്യം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒരു ആനുകൂല്യവും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ലെന്നും അവര്‍ ആവശ്യപ്പെടുന്നു.

Facebook Comments Box

By admin

Related Post