Thu. May 16th, 2024

വിഷുവിന്റെ വരവറിയിച്ച്‌ പടക്കവിപണി സജീവമായി

By admin Apr 11, 2024
Keralanewz.com

സംസ്ഥാനത്ത് വിഷുവിന്റെ വരവറിയിച്ച്‌ പടക്കവിപണി സജീവമായി. ഡാൻസിങ് അമ്ബ്രല്ല, മ്യൂസിക്കല്‍ ടോർച്ച്‌, ഡാന്‍സിങ് ബട്ടര്‍ഫ്ലൈ, കിറ്റ് കാറ്റ്, ഫ്രീഫയര്‍, അവതാര്‍ തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന വെറൈറ്റികളുമായാണ് ഇത്തവണയും പടക്കവിപണി വിഷുവിനെ വരവേല്‍ക്കാൻ ഒരുങ്ങിയിരിക്കുന്നത്.

ഡാൻസിങ് അമ്ബ്രല്ല തിരികൊളുത്തി കയ്യില്‍ പിടിച്ചാല്‍ വട്ടത്തില്‍ കറങ്ങി നൃത്തം ചെയ്യും. നീല, വെള്ള,പച്ച, മഞ്ഞ സ്വർണ്ണ നിറങ്ങളില്‍ ലഭ്യമാണ്. മയില്‍പീലി വിടർത്തിയാടുന്ന പോലെ വലിയ പൂത്തിരി ആണ് പീകോക്ക് ഫെദർ. ഇതും പല നിറങ്ങളില്‍ ലഭ്യമാണ്. തിരികൊളുത്തിയാല്‍ ചെറിയ പൂമ്ബാറ്റകള്‍ പോലെ പല നിറങ്ങളില്‍ പൊട്ടിത്തെറിച്ച്‌ പറന്നു നടക്കുന്ന ബട്ടർഫ്ലൈ, ആകാശത്ത് ശബ്ദത്തോടെ പറക്കുന്ന ഹെലികോപ്റ്റർ, സ്രാവിന്റെ ആകൃതിയിലുള്ള ഷാർക്ക് എന്നിവയൊക്കെ കയ്യില്‍ പിടിച്ചു പൊട്ടിക്കാവുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

അഞ്ച് രൂപ മുതല്‍ 4000 രൂപവരെയുള്ള പടക്കങ്ങള്‍ വിപണിയിലുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച്‌ 10 മുതല്‍ 20 ശതമാനംവരെ പടക്കത്തിന്റെ വില കുറഞ്ഞുവെന്ന പ്രത്യേകതയുമുണ്ട്. ഇതിനാല്‍ കച്ചവടം മികച്ചതാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ശബ്ദത്തേക്കാള്‍ വർണങ്ങള്‍ക്ക് പ്രാധാന്യംനല്‍കുന്ന ചൈനീസ് പടക്കങ്ങള്‍ക്ക് തന്നെയാണ് ഇത്തവണയും വിപണിയില്‍ ആവശ്യക്കാർ കൂടുതല്‍. ഇതിനൊപ്പം കുട്ടികള്‍ക്കായുള്ള പൊള്ളലേല്‍ക്കാത്ത പ്രത്യേകപടക്കങ്ങളും വിപണി കൈയടക്കുകയാണ്.

ഡ്രോണ്‍, ഹെലികോപ്റ്റർ, പോഗോ, പോപ്പപ്പ്, ഗോള്‍ഡൻ ഡക്ക്, പമ്ബരം, സൂപ്പർ ഷോട്ടുകള്‍, ത്രിവർണ പൂക്കുറ്റി, സ്‌കൈ ഷോട്ട് തുടങ്ങിയവയും ഇത്തവണയുണ്ട്. കത്തിച്ചുവിട്ടാല്‍ ആകാശത്ത് പോയി പൊട്ടി വർണങ്ങള്‍ നിറയ്ക്കുന്നയിനങ്ങളാണ് വിപണിയില്‍ മുൻപന്തിയിലുള്ളത്. ഒരു ഷോട്ട് മുതല്‍ 150 ഷോട്ടുകള്‍വരെയുള്ള പടക്കങ്ങളുണ്ട്.

പതിവുതാരങ്ങളായ കമ്ബിത്തിരി, പൂത്തിരി, നിലച്ചക്രം, പൂക്കുറ്റി തുടങ്ങിയ ഇഷ്ടയിനങ്ങള്‍ക്കാണ് കൂടുതല്‍ ചെലവ്. കമ്ബിത്തിരിക്ക് 20 രൂപ മുതല്‍ 100 രൂപവരെയാണ് വില. പൂക്കുറ്റി അഞ്ച് രൂപ മുതല്‍ 80 രൂപവരേയും നിലച്ചക്രം അഞ്ച് രൂപ മുതല്‍ 40 രൂപ വരേയും മാലപ്പടക്കം പത്ത് രൂപ മുതല്‍ 4000 രൂപ വരെയുമാണ് വില.

Facebook Comments Box

By admin

Related Post