Fri. May 17th, 2024

കേരളത്തിലെ കോണ്‍ഗ്രസിനു സംഘപരിവാര്‍ മനസ്; പൗരത്വനിയമത്തെക്കുറിച്ച്‌ മിണ്ടാട്ടമില്ലെന്ന് മുഖ്യമന്ത്രി

By admin Apr 11, 2024
Keralanewz.com

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനു സംഘപരിവാർ മനസെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയില്‍ പൗരത്വ നിയമത്തെക്കുറിച്ചു കോണ്‍ഗ്രസിനു മിണ്ടാട്ടമില്ലെന്നും പൗരത്വഭേദഗതി എന്നൊരു കാര്യമേ അതിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വർക്കലയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സിഎഎക്കെതിരേ എല്‍ഡിഎഫ് സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് വന്നതുകൊണ്ടാണെന്നാണ് പലരും പറയുന്നത്. നാലുവർഷം മുമ്ബ് തെരഞ്ഞെടുപ്പ് ഇല്ലായിരുന്നല്ലോ. അന്നും തങ്ങള്‍ ഇതിനെതിരേ സംസാരിച്ചവരാണ്. സർക്കാർ സുപ്രീം കോടതിയെ അടക്കം സമീപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസിന് ഇപ്പോഴും സിഎഎയില്‍ പ്രതികരണമില്ല. ഒരു പാർട്ടി എന്ന നിലയില്‍ പ്രതികരിക്കേണ്ടേ? എത്ര പരിഹാസ്യമാണ് ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു. രാജ്യത്തുള്ള എല്ലാ വിഷയങ്ങളിലും പ്രതികരിച്ച രാഹുല്‍ ഗാന്ധിയും ഇതില്‍ പ്രതികരിച്ചില്ല. സിപിഎം ഇറക്കിയ പ്രകടനപത്രികയില്‍ പൗരത്വനിയമത്തിനെതിരേ പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയില്‍ മിണ്ടാട്ടമില്ല. ഇതേക്കുറിച്ച്‌ പറഞ്ഞപ്പോള്‍ എട്ടാംപേജ് നോക്കാനായിരുന്നു പ്രതിപക്ഷനേതാവിന്‍റെ ഉപദേശം. പൗരത്വ നിയമഭേദഗതി എന്ന ഒരു കാര്യമേ ആ പേജിലില്ല. എത്രമാത്രം വസ്തുതാവിരുദ്ധമായ കാര്യമാണ് കോണ്‍ഗ്രസ് പറയുന്നത്. എങ്ങനെയാണ് കോണ്‍ഗ്രസിന് സംഘപരിവാർ മനസ് വരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കിഫ്ബി, തോമസ് ഐസക് വിഷയങ്ങളില്‍ കോണ്‍ഗ്രസ് ആരുടെ കൂടെയാണെന്ന് ചോദിച്ച മുഖ്യമന്ത്രി പ്രതിപക്ഷം ഇഡിയുടെ കൂടെയാണെന്നും ആരോപിച്ചു.

ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനുണ്ട്. എന്നാല്‍ അവർ ആർഎസ്‌എസിന്‍റെ അജണ്ടയാണു നടപ്പാക്കുന്നത്. അഭയാർഥികളായി എത്തുന്നവരോടു മതപരമായ വേർതിരിവു കാണിക്കുന്നു. അഭയാർഥികളുടെ പൗരത്വം മതാടിസ്ഥാനത്തിലാക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Facebook Comments Box

By admin

Related Post