National News

വീട്ടുവാടക നല്‍കാത്തത് കുറ്റമാണോ അല്ലയോ? സുപ്രധാനമായ വിധി പുറപ്പെടുവിച്ച്‌ സുപ്രീംകോടതി

Keralanewz.com

ന്യൂഡെല്‍ഹി: ( 16.03.2022) വാടക കുടിശിക അടക്കാത്തതോ, നല്‍കാത്തതോ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി.

ഇതിനെതിരെ നിലവിലുള്ള നിയമപരമായ പരിഹാരങ്ങള്‍ തേടാമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബേല എം ത്രിവേദിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വാടക കുടിശിക നല്‍കാത്തതിന് വാടകക്കാരനെതിരെ രെജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ സുപ്രീം കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു.

‘ രെജിസ്റ്റര്‍ ചെയ്ത പരാതിയിലെ വസ്തുതാപരമായ വാദങ്ങള്‍ അംഗീകരിച്ചാലും ക്രിമിനല്‍ കുറ്റമല്ലെന്നാണ് അഭിപ്രായം. വാടക നല്‍കാതിരിക്കുകയോ, കുടിശിക വരുത്തുകയോ ചെയ്താല്‍ സിവില്‍ കേസെടുക്കാം, പക്ഷേ അത് ക്രിമിനല്‍ കുറ്റമല്ല. ഇന്‍ഡ്യന്‍ ശിക്ഷാനിയമം, 1860 പ്രകാരം, സെക്ഷന്‍ 415 പ്രകാരമുള്ള വഞ്ചനാ കുറ്റത്തിനും വകുപ്പ് 403 പ്രകാരം സ്വത്ത് ദുരുപയോഗം ചെയ്യുന്ന കുറ്റത്തിനും നിയമപരമായ നടപടി വേണമെന്ന് തോന്നുന്നില്ല,’ എന്നും കോടതി പറഞ്ഞു.

ഐപിസി സെക്ഷന്‍ 415 പ്രകാരം വഞ്ചന, സെക്ഷന്‍ 403 അനുസരിച്ച്‌ സ്വത്ത് ദുരുപയോഗം ചെയ്യല്‍ എന്നിവ പ്രകാരമുള്ള എഫ് ഐ ആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച അലഹബാദ് ഹൈകോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ അപീലാണ് സുപ്രീം കോടതി പരിഗണിച്ചത്.

വാടകയിനത്തില്‍ വലിയ കുടിശ്ശികയുണ്ടെന്ന പ്രതികളിലൊരാളുടെ വാദങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെട്ടു. നിലവിലുള്ള നിയമപരമായ പരിഹാരങ്ങള്‍ (സിവില്‍) സ്വീകരിക്കാന്‍ സുപ്രീം കോടതി അവര്‍ക്ക് നിര്‍ദേശം നല്‍കി.

അഭിഭാഷകരായ രവിചന്ദ്ര, കുമാര്‍ സുശോഭന്‍, ദിനേശ് എസ് ബദിയാര്‍, വികെ ആനന്ദ്, കജോള്‍ സിംഗ്, അഡ്വകറ്റ്-ഓണ്‍-റെകോര്‍ഡ് രവികുമാര്‍ തോമര്‍ എന്നിവര്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായി.

മുതിര്‍ന്ന അഭിഭാഷകന്‍ വി കെ ശുക്ല, അഡ്വകറ്റ്-ഓണ്‍-റെകോര്‍ഡ് ആദര്‍ശ് ഉപാധ്യായ, അഭിഭാഷകരായ അമോല്‍ ചിത്രവന്‍ഷി, മനീഷ് ചാഹര്‍, ശശി കിരണ്‍ എന്നിവര്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായി.

Facebook Comments Box