Fri. May 3rd, 2024

നിയമം ഏറ്റവും താഴെത്തട്ടില്‍ നില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറി: ഹൈക്കോടതി

By admin Dec 8, 2023
Keralanewz.com

കൊച്ചി: നിയമം ഏറ്റവും താഴെത്തട്ടില്‍ നില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് ഹൈക്കോടതി. നിയമം അനുസരിപ്പിക്കേണ്ട സര്‍ക്കാര്‍ തന്നെ നിയമ വിരുദ്ധ നടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്നുവെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും കൊടികളും നീക്കംചെയ്യണമെന്ന ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വാക്കാല്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. നിരന്തരം പറഞ്ഞിട്ടും പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ക്കും കൊടികള്‍ക്കും കുറവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

എല്ലാം മനസിലാകുന്നുണ്ടെന്നും ആരാണ് ഇതിന്റെ പിറകിലെന്ന് അറിയാമെന്നും കോടതി പറഞ്ഞു. എന്നിട്ടും ‘പുതിയ കേരളം പുതിയ കേരളം’ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്, കോടതി പരിഹസിച്ചു. നിലവില്‍ ചില സംഘടനാ ഭാരവാഹികളുടെ പടമാണ് റോഡില്‍ മുഴുവന്‍. എല്ലാവരും ചിരിച്ചുനില്‍ക്കുകയാണ്. എന്താണ് പിഴ ഈടാക്കാത്തതെന്നും കോടതി ചോദിച്ചു. എത്ര കേസില്‍ നടപടി സ്വീകരിച്ചു, എത്ര രൂപ പിഴയായി ഈടാക്കി എന്നറിയിക്കാന്‍ കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് നിര്‍ദേശിച്ചു.

പാതയോരങ്ങളിലെ ബോര്‍ഡും കൊടികളും പുതിയ കേരളത്തിന് ആവശ്യമില്ല. സ്വന്തം മുഖം മറ്റുള്ളവരെ കാണിക്കാനുള്ള താത്പര്യമാണിതിന്റെയൊക്കെ പിന്നില്‍. തെലങ്കാന പോലുള്ള മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇത്തരം ബോര്‍ഡുകളും മറ്റുമില്ല. ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മിറ്റി അംഗങ്ങളെ വിളിച്ചുവരുത്തേണ്ടി വരുമെന്നും കോടതി പ്രതികരിച്ചു.

താന്‍ പോകുന്ന വഴിയില്‍ മാത്രമാണ് കൊടിയും ബോര്‍ഡുകളുമില്ലാത്തത്. എന്നാല്‍ എല്ലാ റോഡുകളിലൊക്കെയും ബോര്‍ഡുകളുണ്ട്. ആ വഴികളിലൂടെയും താന്‍ പോകുന്നുണ്ടെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ചിലയിടത്തൊക്കെ കൊടി അഴിച്ചുമാറ്റിയാലും കെട്ടിയ കമ്ബ് അഴിച്ചുമാറ്റാതെ ജനങ്ങള്‍ക്ക് ഉപദ്രവമായി നില്‍ക്കുന്നുണ്ട്, കോടതി വ്യക്തമാക്കി.

Facebook Comments Box

By admin

Related Post