Fri. May 17th, 2024

ഒടുവില്‍ ഗവര്‍ണര്‍ക്ക് വഴങ്ങി പോലീസ്; എസ്.എഫ്.ഐക്കാര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍, ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാം

By admin Dec 13, 2023
Keralanewz.com

തിരുവനന്തപുരം: ഗവര്‍ണറെ തടഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

ഐപിസി 143 , 147, 149, 283, 353 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഗവര്‍ണറുടെ ആവശ്യപ്രകാരമാണ് ഐ.പി.സി 124 അനുസരിച്ചു കേസെടുത്തതതെന്നാണ് സുചന.ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും നേരെ അതിക്രമം ഉണ്ടായാല്‍ ഈ വകുപ്പ് അനുസരിച്ചാണ് കേസെടുക്കേണ്ടതെന്ന് രാവിലെ മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. പ്രതികള്‍ കുറ്റക്കാരെന്നു തെളിഞ്ഞാല്‍. ഏഴു വര്‍ഷം വരെ ശിക്ഷയും പിഴയും ലഭിക്കും.

നിയമവിരുദ്ധമായി സംഘം ചേരുന്നതിനു ഐ.പി.സി 143 അനുസരിച്ച്‌ ആറു മാസം തടവോ പിഴയോ ലഭിക്കും. കലാപശ്രമത്തിന് ഐ.പി.സി 147 അനുസരിച്ച്‌ രണ്ടു വര്‍ഷംവരെ തടവും പിഴയും ലഭിക്കാം. സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് ഐ.പി.സി 353 അനുസരിച്ച്‌ രണ്ടുവര്‍ഷംവരെ തടവും പിഴയും രണ്ടുകൂടിയോ ലഭിക്കാം. ജാമ്യമില്ലാത്ത വകുപ്പാണിത്. എസ്.എഫ്.ഐ പ്രവര്‍ത്തകരായ യദുകൃഷ്ണൻ, അഷിഖ് പ്രദീപ്, ആഷിഷ് ആര്‍.ജി., ദിലീപ്, റയാൻ, അമൻ ഗഫൂര്‍, റിനോ സ്റ്റീഫൻ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

പൊതുവീഥികളില്‍ ജാഥകളോ പ്രകടനമോ നടത്താൻ പാടില്ലെന്ന നിയമമുള്ളപ്പോള്‍ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏഴു പേരും കണ്ടാലറിയാവുന്ന പത്തോളംപേരും ചേര്‍ന്ന് ഗവര്‍ണറെ തടഞ്ഞതായി എഫ്.ഐ.ആറില്‍ പറയുന്നു. ഗവര്‍ണര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് കറുത്ത തുണി ഉയര്‍ത്തിക്കാട്ടിയും ഗതാഗതം തടസ്സപ്പെടുത്തിയും പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായും എഫ്.ഐ.ആറില്‍ പറയുന്നു.

Facebook Comments Box

By admin

Related Post